തൊഴിൽ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം വർധിക്കുന്നു
text_fieldsറിയാദ്: ജോലിയാവശ്യാർഥം പുതുതായി സൗദിയിലെത്തുന്ന പലരും കബളിപ്പിക്കപ്പെടുന്ന പ്രവണത വർധിക്കുന്നു. റിയാദ് ആസ്ഥാനമായ ഒരു മാൻപവർ കമ്പനിക്ക് കീഴിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ തിരിച്ചുപോകാൻ വഴികളില്ലാതെ പ്രയാസപ്പെടുന്നു. ഇതിൽ ഏതാനും തൊഴിലാളികളെ റിയാദിലെ നസീമിൽ രണ്ടുമൂന്ന് മുറികളിലായി താമസിപ്പിച്ചിരിക്കുകയാണ്.
വെള്ളമോ ഭക്ഷണമോ നൽകുന്നില്ല. മൂന്ന് മാസമായി ഇവർക്ക് ജോലിയോ കൂലിയോ ഇല്ല. ആരോടാണ് പരാതി പറയേണ്ടതെന്നു പോലും അറിയാത്തവരാണധികവും. ഉത്തർ പ്രദേശ്, ലഖ്നോ സ്വദേശികളായ അഫ്സൽ ഖാൻ, അലി ഷൈർ, മുഹമ്മദ് അജ്മൽ, മുഹമ്മദ് സൈഫ് തുടങ്ങിയവർ സാമൂഹിക പ്രവർത്തകൻ ബഷീർ പാണക്കാടുമായി ബന്ധപ്പെടുകയും ഉടൻ ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തു. പ്രവാസി വെൽഫെയർ ഭാരവാഹി റിഷാദ് എളമരത്തിന്റെ നേതൃത്വത്തിൽ ഇവർക്ക് ഭക്ഷണവും സഹായങ്ങളും നൽകുകയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമാണ്. തൊഴിൽ കരാർ, വിവരങ്ങൾ ഇതൊന്നും അറിയാതെയാണ് ഇവർ ഇവിടെ എത്തുന്നത്. റിക്രൂട്ടിങ് ഏജൻസികൾ യഥാർഥ വസ്തുതകൾ മറച്ചുവെക്കുകയോ അല്ലെങ്കിൽ ഇടനിലക്കാർ കബളിപ്പിക്കുകയോ ചെയ്യുന്നു. 1,30,000 രൂപ വീതം വാങ്ങിയാണ് ഏജൻസികൾ വിസ നൽകിയത്. വിസയും ടിക്കറ്റുമടക്കം റിക്രൂട്ടിങ് ചെലവുകൾ മുഴുവൻ അതത് കമ്പനികൾ തന്നെ വഹിച്ചാണ് സൗദിയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത്.
എന്നാൽ ഇടനിലക്കാരായ ഏജൻസികൾ അത് മറച്ചുവെച്ച് തൊഴിലന്വേഷകരിൽനിന്ന് പണം വാങ്ങുന്നു. മാത്രമല്ല വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ ഇല്ലാത്തിടങ്ങളിൽ എത്തിച്ച് ചതിയിൽ വീഴ്ത്തുകയും ചെയ്യുന്നു. ബഷീർ പാണക്കാട്, നിഹ്മത്തുല്ല തുടങ്ങിയ സാമൂഹിക പ്രവർത്തകർ ഈ പരാതി ഇന്ത്യൻ എംബസിയെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ യു.പി സ്വദേശികളുടെ കാര്യത്തിൽ ഇടപെടുകയും ഇതിൽ മൂന്നു പേരെ നാട്ടിലേക്കെത്തിക്കാൻ കമ്പനി തയാറാവുകയും ചെയ്തു. ഒരാളുടെ ഇഖാമ (റെസിഡൻറ് പെർമിറ്റ്) പുതുക്കാത്തത് കൊണ്ട് എയർ പോർട്ടിൽനിന്നും തിരിച്ചുപോരേണ്ടി വന്നു. നിരവധി ഇന്ത്യൻ തൊഴിലാളികളാണ് നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ഇതുപോലെ കുടുങ്ങിയ 11 തൊഴിലാളികളെ സാമൂഹികപ്രവർത്തകരും ഇന്ത്യൻ എംബസിയും ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇത്തരം റിക്രൂട്ടിങ്, തൊഴിൽ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.