ഹുറൂബിൽ അകപ്പെട്ട കബീറിന് ഒ.െഎ.സി.സി തുണയായി
text_fieldsജിദ്ദ: പ്രതിസന്ധികളുടെ നീണ്ട കടമ്പകൾ കടന്നു കൊല്ലം കൊട്ടിയം സ്വദേശി കബീർ, ഒ.ഐ.സി.സിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. 25 വർഷം മുമ്പ് കുറഞ്ഞ ശമ്പളത്തിന് മദീനയിലെ ഒരു സ്വകാര്യ കമ്പനിയുടെ വിസയിൽ എത്തി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. പുതിയ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടത് കാരണം മൂന്ന് വർഷമായി മറ്റൊരു സ്പോൺസറിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും നടക്കാതെവരുകയും മുൻ സ്പോൺസർ ഇദ്ദേഹത്തെ ഹുറൂബിൽ ആക്കുകയുമായിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട മദീന ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത്, പ്രസിഡൻറ് ഹമീദ് പെരുംപറമ്പിൽ എന്നിവരുടെ സഹായത്തോടെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുഖാന്തരം ഫൈനൽ എക്സിറ്റ് ലഭ്യമാക്കി. സാമ്പത്തിക പ്രയാസത്തിലായിരുന്ന കബീറിന് ടിക്കറ്റ് എടുക്കാനുള്ള പ്രയാസം മനസ്സിലാക്കി മദീന ഒ.ഐ.സി.സി തന്നെ ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കി.
എന്നാൽ ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ഇദ്ദേഹത്തിെൻറ വിരലടയാളം സംബന്ധമായി ചില തടസ്സങ്ങൾ ഉണ്ടാവുകയും യാത്രമുടങ്ങുകയും ടിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ശേഷം വിഷയത്തിൽ ഇടപെട്ട് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ വിമാനത്താവളത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായ മുബാറക് ഹംസയുടെ സഹായത്തോടെ എമിഗ്രേഷൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു സാങ്കേതിക തടസ്സങ്ങൾ മറികടന്നു. ആദ്യ ടിക്കറ്റ് നഷ്ടമായ കബീറിന് രണ്ടാമത് ജിദ്ദ ഒ.ഐ.സി.സി സൗജന്യമായി വീണ്ടും ടിക്കറ്റ് ലഭ്യമാക്കുകയും ഒരാഴ്ചക്ക് ശേഷം പ്രതിസന്ധിയുടെ കടമ്പകൾ കടന്ന് ഇദ്ദേഹം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്രയാവുകയും ചെയ്തു. മദിന ഒ.ഐ.സി.സി ഭാരവാഹികളായ ബഷീർ മാനന്തവാടി, ഫൈസൽ അഞ്ചൽ, സുനീർ കൊല്ലം, ജിദ്ദ ഭാരവാഹികളായ സകീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ തുടങ്ങിയവരും സഹായങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.