കടമ്പകൾ മറികടന്ന് വളർത്തുനായ റോണോ നാട്ടിലെത്തി
text_fieldsജുബൈൽ: സൗദിയിൽ പ്രവാസികളായ പെരുമ്പാവൂർ സ്വദേശി അരുണിനും ഭാര്യ ധന്യക്കും വളർത്തുനായ റോണോ സ്വന്തം കുടുംബാംഗത്തെ പോലെയാണ്. രണ്ടര വർഷം മുമ്പ് ഒരു ഫിലിപ്പിനോ-ഇന്ത്യൻ ദമ്പതികൾ നൽകിയതാണ് റോണോയെ. പ്രവാസത്തിന്റെ സമ്മർദങ്ങൾക്കും വിരസതക്കുമിടയിൽ റോണോയുടെ കളിയും സ്നേഹവും കുസൃതികളും അവനെ അവർക്ക് ഏറെ പ്രിയപ്പെട്ടവനാക്കി. ഇതിനിടെ അരുണും കുടുംബവും പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചു. സ്വദേശമായ പെരുമ്പാവൂരിൽ സ്ഥിരതാമസമാക്കാനും.
അപ്പോഴാണ് റോണോയെ എന്ത് ചെയ്യുമെന്ന ആശങ്ക ഉയർന്നത്. ആരെയെങ്കിലും ഏൽപ്പിച്ച് പോകാൻ ഇരുവരുടെയും മനസ്സനുവദിച്ചില്ല. ഒടുവിൽ നാട്ടിലേക്ക് കൂടെ കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. വളർത്തുമൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകാൻ കയറ്റുമതി ഇറക്കുമതി ലൈസൻസ് വേണം. സൗദിയിൽ നിന്നുള്ള നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാണ്. എന്നാൽ, കൊച്ചി വിമാനത്താവളത്തിലേക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതിയില്ല. ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണെങ്കിൽ തടസ്സമില്ല. പക്ഷേ ഈ വിമാനത്താവളങ്ങളിൽ ഇറങ്ങിയാൽ സ്വദേശത്ത് എത്തൽ എളുപ്പമല്ല. ഏറെ യാത്ര ചെയ്യണം.
ഇത് റോണോക്ക് പ്രയാസകരമായി മാറും. അതുകൊണ്ട് കൊച്ചിയിലേക്ക് തന്നെ കൊണ്ടുപോകാൻ പറ്റുന്നത്ര വാതിലുകളിൽ മുട്ടാൻ തന്നെ ദമ്പതികൾ തീരുമാനിച്ചു. ‘ദയ’ എന്ന പെറ്റ് വെൽഫെയർ അസോസിയേഷനുമായി ബന്ധപ്പെട്ടു. അവർ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. വളർത്തുമൃഗങ്ങളെ കൊച്ചിയിൽ ഇറക്കാനുള്ള അനുമതിക്ക് വേണ്ടി നിലവിൽ ദയ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. മറ്റ് പോംവഴികൾ ആരാഞ്ഞു. സൗദിയിലുള്ള ഒരു കാർഗോ സർവിസ് കമ്പനി സഹായിക്കാൻ മുന്നോട്ട് വന്നു. അവർ റോണോയെ എമിറേറ്റ്സ് വിമാനം മുഖേന ദുബൈയിലേക്കും പിന്നീട് ബംഗളൂരു വിമാനത്താവളത്തിലേക്കും എത്തിച്ചു. മതിയായ രേഖകൾ ഉണ്ടായിരുന്നെങ്കിലും ബംഗളൂരുവിൽ നിന്നുള്ള കസ്റ്റംസ് ക്ലിയറൻസ് നടപടികൾ ഒരു ദിവസം നീണ്ടു.
എമിറേറ്റ്സ് വിമാനകമ്പനിക്ക് പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഇടക്കിടെ റോണോക്ക് ആവശ്യമായ പരിചരണം നൽകാനുള്ള അനുമതി മാത്രം ലഭിച്ചു. ആവശ്യക്കാരന്റെ വികാരങ്ങളെ ചൂഷണം ചെയ്ത് വൻ തുക ഈടാക്കുന്ന ഏജൻറുമാരുടെ ലോബിയാണ് കാര്യങ്ങൾ വൈകിയതിന്റെ പിന്നിലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കസ്റ്റംസ് കമീഷണറെ നേരിട്ട് സമീപിച്ചതോടെയാണ് കാര്യങ്ങൾ വേഗത്തിലായത്. ബംഗളൂരുവിൽനിന്ന് ക്ലിയറൻസ് കഴിഞ്ഞയുടൻ റോണോയെ പെരുമ്പാവൂരിലേക്ക് കാർ മാർഗം എത്തിക്കുകയായിരുന്നു. കേരളത്തിൽ വളർത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള സൗകര്യം ഉണ്ടായാൽ ഇത്തരത്തിലുള്ള ചൂഷണങ്ങൾ അവസാനിക്കുമെന്ന അഭിപ്രായമാണ് അരുണിനും ധന്യക്കും ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.