മെട്രോ സ്റ്റേഷൻ പരിസരങ്ങളിൽ ജനസാന്ദ്രത വർധിപ്പിക്കും -റിയാദ് മേയർ
text_fieldsറിയാദ്: നഗരവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള ജനസാന്ദ്രത വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്.
സൗദി തലസ്ഥാനത്തെ പൊതുഗതാഗത പദ്ധതി ലോകത്തിലെതന്നെ ഗുണപരമായ പദ്ധതികളിലൊന്നാണെന്നും അതിന്റെ സ്വാധീനം വളരെ വലുതാണെന്നും പദ്ധതിയുടെ നേട്ടം റിയാദ് നഗരത്തിന് മാത്രമായിരിക്കില്ലെന്നും സൗദിയിലെ ഇതര പ്രദേശങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘നഗരങ്ങളുടെ വികസനം’ എന്ന വിഷയത്തിൽ റിയാദിൽ സംഘടിപ്പിച്ച രണ്ടാമത് റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മേയർ.
1950കളിൽ അന്നത്തെ ഭരണാധികാരി സർക്കാർ വകുപ്പുകളും ഏജൻസികളും പടിഞ്ഞാറൻ മേഖലയിൽനിന്ന് റിയാദിലേക്ക് മാറ്റിയതോടെയാണ് നഗരത്തിന്റെ വളർച്ച ആരംഭിക്കുന്നത്. വർധിച്ചുവന്ന ജനസംഖ്യയും ജോലിയും വലിയ മാറ്റങ്ങൾക്ക് കാരണമായി. 70കളും 80കളും ധ്രുതവളർച്ചയുടെ കാലഘട്ടമായിരുന്നു. ഇന്ന് നഗരത്തിൽ കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളം പോലുള്ളവ അതിന്റെ ഉദാഹരണങ്ങളാണ്. വലിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുക മാത്രമല്ല, കൂടുതൽ വികസനത്തിനായി പൊതുപദ്ധതി തയാറാക്കുകയും ചെയ്തുകൊണ്ടാണ് ഇന്നത്തെ ഭരണനേതൃത്വം മുന്നോട്ടുപോകുന്നതെന്നും റിയാദിന്റെ മെഗാ പദ്ധതികളെ പരാമർശിച്ചുകൊണ്ട് മേയർ പറഞ്ഞു.
ഓരോ പദ്ധതിയും ചരിത്രപരമായും ഗുണപരമായും വലുതായത് നഗരത്തിന്റെ ഭാഗ്യമാണ്. ഗ്രീൻ റിയാദ്, സ്പോർട്സ് ബൊളിവാർഡ്, കിങ് അബ്ദുല്ല ഇന്റർനാഷനൽ ഗാർഡൻസ്, മെട്രോ തുടങ്ങിയ പദ്ധതികൾക്കാണ് വർത്തമാനകാല നഗരവാസികൾ സാക്ഷ്യം വഹിക്കുന്നത്. റിയാദ് അനിവാര്യമായും വളരുമെന്നത് വസ്തുതയാണ്. എന്നാൽ, ഈ വളർച്ച തിരശ്ചീനമാണോ ലംബമാണോ എന്ന് നിർണയിക്കുന്ന ഘടകം നഗര പദ്ധതിയാണ്. നിരവധി ഒഴിഞ്ഞ ഭൂമി ഇവിടെയുണ്ട്. കൂടുതൽ വികസിപ്പിച്ച പ്ലോട്ടുകളുമുണ്ട്. അവസരം ലഭിക്കാത്തവർക്കും ലഭിക്കുന്ന വിധമാണ് നഗര വികസന പദ്ധതിയെന്നും മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.