ജീസാനിലെ മഴക്കെടുതി; മരണം മൂന്നായി, കനത്ത നാശനഷ്ടം
text_fieldsജിസാൻ: കനത്ത മഴയെത്തുടർന്ന് സൗദി തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാനിലുണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളിൽ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായിട്ടില്ലാത്ത മഴക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖല സാക്ഷ്യം വഹിച്ചത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയിൽ മൂന്നുപേർ മരിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കവും നിരവധി ഗ്രാമങ്ങളെ ആക്രമിച്ചു. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറുകയും, വാഹനങ്ങൾ ഒലിച്ചുപോവുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോഡുകൾ തകർന്നു.
അബു അരീശ് ഗവർണറേറ്റിലും അതിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലുമാണ് ഏറ്റവും കൂടുതൽ മഴ ബാധിച്ചത്. വെള്ളപ്പൊക്കത്തിൽ അബു അൽനൂറ, അൽ മജസാസ് എന്നീ ഗ്രാമങ്ങളും തകർന്നു.
നിരവധി വീടുകൾ വെള്ളത്തിനടിയിലായി. റോഡുകൾ തകർന്നു. വീടുകളിൽ വെള്ളം കയറിയതിനാൽ വലിയ നാശ നഷ്ടങ്ങളാണ് താമസക്കാർക്കുണ്ടായത്. അബു അരീശ്, സ്വബ്യ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗവും കനത്ത മഴയിൽ തകർന്നു.
പാലം തകർന്നപ്പോൾ അതിലൂടെ പോവുകയായിരുന്ന രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.അതിലൊരു കാറിനു മുകളിൽ പാലത്തിന്റെ സ്ലാബ് പതിച്ച് യാത്രക്കാരിയായ യുവതി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അബു അരീഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി സെന്ററിൽ നിന്നുള്ള സ്പെഷ്യലൈസ്ഡ് ടീമുകൾ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും കാരണങ്ങൾ നിർണയിക്കുന്നതിനും റിപ്പോർട്ട് തയാറാക്കി ഗവൺമെന്റിന് സമർപ്പിക്കാൻ സംഭവസ്ഥലം സന്ദർശിച്ചു.
മഴ ദുരിതബാധിത പ്രദേശങ്ങളിലെ നാശ നഷ്ടങ്ങൾ വിലയിരുത്താനും കണക്ക് തിട്ടപ്പെടുത്താനുമുള്ള നടപടികൾ ഗവർണറേറ്റും മുനിസിപ്പാലിറ്റിയും ആരംഭിച്ചു. അബു അരീശിലെ മഴയും വെള്ളപ്പൊക്കവും ബാധിച്ച സ്ഥലങ്ങൾ ഗവർണർ ശാഹിർ ബിൻ ശിഹാബ് അൽ ജനഫാവി സന്ദർശിച്ചു.
ജിസാൻ ഗവർണറുടെയും ഡെപ്യൂട്ടി ഗവർണറുടെയും നിർദേശ പ്രകാരമാണ് സന്ദർശനം. കെടുതിയുണ്ടായ സ്ഥലങ്ങൾ നേരിട്ടുകണ്ട അദ്ദേഹം ഗവർണറേറ്റിലെ മഴക്കെടുതിയും കാലാവസ്ഥാ മാറ്റവും നിരീക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
മഴ തുടരുന്നതിനാൽ മുൻകരുതൽ എടുക്കാനും അപകട സാധ്യതകളെ നേരിടാനുള്ള നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടു. നാശ നഷ്ടങ്ങളുടെയും വ്യാപ്തി അറിയിക്കുകയും വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് മാറി ബദൽ പാത തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിർദേശം നൽകി. ജിസാൻ മേയർ യഹ്യ അൽഗസ്വാനി അബു ആരീശ് ഗവർണറേറ്റിലെ മഴക്കെടുതി ബാധിച്ച നിരവധി ഡിസ്ട്രിക്റ്റുകൾ സന്ദർശിച്ചു. പ്രദേശവാസികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.