യഥാർഥ പരാന്നഭോജി ബി.ജെ.പി
text_fieldsരാഹുൽ ഗാന്ധി 18 ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ നടത്തിയ പ്രസംഗം സൻസദ് ടി.വിയിൽ 14 ലക്ഷം ആളുകൾ കാണുകയും കേൾക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയുള്ള പ്രസ്താവനകളും അതിനോടുള്ള പ്രതികരണങ്ങളും പാർലമെൻറിൽ ഒതുങ്ങിനിന്നില്ല. ഭാരതീയ യുവമോർച്ച , ബജ്രംഗ്ദൾ, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനകളുടെ പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരുമായി അഹമ്മദാബാദിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പേരിൽ ഏറ്റുമുട്ടുക പോലുമുണ്ടായി.
ഭാരതീയ ന്യായ സംഹിതയുടെ 209, 302, 356 (1) സെക്ഷനുകൾ പ്രകാരം രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുടെ പേരിൽ ദിവ്യാൻഷു കിഷോർ എന്നയാൾ നൽകിയ പരാതിയെ തുടർന്ന് ബിഹാറിലെ മുസാഫർപുർ കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അടുത്ത ഹിയറിങ് ജൂലൈ 15ന് വെച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും എല്ലാ പ്രദേശിക ഭാഷകളിലേക്കും തർജമ ചെയ്ത് ഇന്ത്യയിലെ 140 കോടി ജനങ്ങളെ കേൾപ്പിച്ചില്ലേ എന്താണ് അദ്ദേഹം പറഞ്ഞത്, എന്ത് ഉദ്ദേശ്യത്തിലാണ് എന്ന് ജനങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.
ഇപ്പോൾ നടക്കുന്നത് തെറ്റിദ്ധരിപ്പിക്കാനായി ഏതാനും ഭാഗങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിക്കുന്നതാണ്. അഗ്നിവീർ വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാഹുലിന്റെ പ്രസംഗത്തിനിടയിൽ ഇടപെട്ട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് നമുക്ക് ബോധ്യമായി. രാജ്ദീപ് സർദേശായ് ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പോലും ഈ വിഷയം വേണ്ടത്ര മനസ്സിലാക്കാതെയാണ് പ്രതികരിച്ചത്.
അഗ്നിവീർ അജയ് കുമാറിന്റെ പിതാവ് ചരൺജിത് സിങ് രാഹുൽ ഗാന്ധിയോടൊപ്പമുള്ള ആദ്യ വിഡിയോയിൽ പറഞ്ഞത് കേന്ദ്രസർക്കാറിൽനിന്ന് ഒരു സഹായവും ലഭിച്ചില്ല എന്നാണ്. പിന്നീട് അദ്ദേഹം 98 ലക്ഷം രൂപ ലഭിച്ചതായി ജൂലൈ നാലിന് പറഞ്ഞു. അഗ്നിവീർ സ്കീം നിർത്തലാക്കണമെന്നാണ് അഗ്നിവീർ അജയ്കുമാറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
ആരാണ് ലോക്സഭയിൽ കള്ളം പറഞ്ഞതെന്ന് വ്യക്തം. ഉന്നയിക്കുന്ന വിഷയങ്ങൾക്ക് വസ്തുതകളുടെ പിൻബലത്തിൽ മറുപടി പറയാൻ കഴിയാത്ത പ്രധാനമന്ത്രി ബാലക്ബുദ്ധി എന്നും മറ്റും പറഞ്ഞ് രാഹുലിനെ ആക്ഷേപിക്കാനാണ് ശ്രമിച്ചത്.
സർക്കാറിന്റെ ഉത്തരവാദിത്തങ്ങളെ രാഹുൽ തന്റെ പ്രസംഗത്തിൽ ഓർമപ്പെടുത്തി. വിലക്കയറ്റം തടയുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളോട് പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ജനവികാരങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന വിഷയത്തെ ഉയർത്തിക്കാണിച്ച് രാഹുലും കോൺഗ്രസും ഹിന്ദുക്കൾക്കെതിരാണെന്ന് ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണുണ്ടായത്.
പ്രധാനമന്ത്രി പറയുന്നതുപോലെ ഒരു പരാന്നഭോജിയെപ്പോലെ സഖ്യകക്ഷികളായ പാർട്ടികളുടെ വോട്ടുകൾ കൊണ്ടാണ് ബിഹാർ, മഹാരാഷ്ട്ര, യു.പി എന്നിവിടങ്ങളിൽ തങ്ങൾക്ക് ലഭിച്ച 240 ൽ 54 സീറ്റുകളും ബി.ജെ.പി നേടിയത്. ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള യു.പിയിൽ ബി.ജെ.പി മത്സരിച്ചത് നിഷാദ് പാർട്ടി, അപ്നാദൾ, ആർ.എൽ.ഡി, എസ്.ബി.എസ്.പി എന്നീ പാർട്ടികളോടൊപ്പമാണ് എന്ന കാര്യവും മോദി ബോധപൂർവം മറന്നുപോകുന്നു.
യു.പിയിലെ ഫറൂഖാബാദിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് കൃത്രിമം കാണിച്ചതായി പൂനം അഗർവാൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ അഞ്ച് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച ഇലക്ഷൻ കമീഷൻ ഏതൊരു സഖ്യകക്ഷിക്കും ചെയ്യാവുന്നതിലധികം സഹായം ബി.ജെ.പിക്ക് നൽകിയിട്ടും സഖ്യകക്ഷികളെ കൂട്ടുപിടിച്ച് സർക്കാറുണ്ടാക്കാനുള്ള ജനവിധിയേ അവർക്ക് കിട്ടിയുള്ളൂ.
കോൺഗ്രസിനെ പരാന്നഭോജിയെന്ന് ആക്ഷേപിക്കുന്ന മോദിയുടെ ബി.ജെ.പിക്ക് ബിഹാറിൽ സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ അതേ എണ്ണം ജനപ്രതിനിധികളേയെ ലോക്സഭയിൽ എത്തിക്കാനായുള്ളൂ. ബിഹാറിൽ എൻ.ഡി.എയിൽ അഞ്ച് സഖ്യകക്ഷികളാണുണ്ടായിരുന്നത്. എന്നിട്ടും കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് അഞ്ച് സീറ്റുകൾ നഷ്ടമാവുകയാണുണ്ടായത്.
അതുപോലെ വലിയ ആഘാതമാണ് യു.പി ബി.ജെ.പിക്ക് നൽകിയത്. അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പരാജയപ്പെടുകയും വാരാണസിയിൽ പോലും നാല് സഖ്യകക്ഷികളുടെ പിന്തുണയുണ്ടായിട്ടും മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറയുമ്പോൾ കോൺഗ്രസിനെ പരാന്നഭോജി എന്ന് നരേന്ദ്രമോദി വിളിക്കുന്നത് എത്ര പരിഹാസ്യമാണ്.
ജനങ്ങൾക്ക് മനസ്സിലായി ആരാണ് യഥാർഥ പരാന്ന ഭോജിയെന്ന്! ഇത്തരം വസ്തുതകൾ ജനങ്ങൾ കൂടുതൽ അറിയാതിരിക്കാനുള്ള അവസാന അടവാണ് വൈകാരിക വിഷയങ്ങൾ ആളിക്കത്തിക്കാനുള്ള ബി.ജെ.പിയുടെയും മോദിയുടെയും ശ്രമം. രാഹുൽ ഗാന്ധിയുടെ ആ പ്രസംഗം എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി ഇന്ത്യയിലെ 140 കോടി ജനങ്ങളെയും കേൾപ്പിക്കുകയാണ് ഇതിനെ തടയാനുള്ള ഏറ്റവും നല്ല മാർഗം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.