റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മഹോത്സവത്തിന് ഇന്ന് തുടക്കം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ജിദ്ദ പൈതൃകനഗരത്തിൽ തിങ്കളാഴ്ച കൊടിയേറും. ജിദ്ദ ബലദിലെ ചരിത്ര പ്രാധാന്യ പ്രദേശത്ത് പ്രത്യേകമായൊരുക്കിയ മൂന്ന് തിയറ്ററുകളിലായാണ് 10 ദിവസം നീളുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മഹോത്സവം. സൗദി സിനിമയുടെ പുതിയ തരംഗത്തെ ആഘോഷിക്കുന്ന ഷോർട്ട്സ് ആൻഡ് ഫീച്ചർ ഫിലിമുകൾക്കും ഡോക്യുമെൻററികൾക്കും വേണ്ടി രണ്ട് വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 34 ഭാഷകളിലായി 67 രാജ്യങ്ങളിൽ നിന്നുള്ള 138 ഫീച്ചർ ഫിലിമുകളും ഷോർട്ട്സും മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ 25 ലോക പ്രീമിയറുകൾ, 48 അറബ് പ്രീമിയറുകൾ, 17 ജി.സി.സി പ്രീമിയറുകൾ എന്നിവയും മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ടാവും. പ്രമുഖ സൗദി ചലച്ചിത്രപ്രവർത്തക ഹൈഫ അല്‍ മന്‍സൂറിെൻറ 'വജ്ദ' എന്ന അവാര്‍ഡ് ചിത്രവും ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സൗദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളും സൗദിയിലെ ആദ്യത്തെ വനിത ചലച്ചിത്ര നിർമാതാവുമായ ഹൈഫ അൽ മൻസൂറിനെ മേളയിൽ ആദരിക്കുന്നുമുണ്ട്. എറിക്ക ഷ്മിറ്റ് എഴുതി, അവാർഡ് ജേതാവായ ബ്രിട്ടീഷ് സംവിധായകൻ ജോ റൈറ്റ് സംവിധാനം ചെയ്ത പീറ്റർ ഡെങ്ക്ലേജ് അഭിനയിച്ച 'സിറാനോ' എന്ന ചിത്രമാണ് ഉദ്ഘാടന ചിത്രം. ഇതിനകം തന്നെ ഓസ്കറിൽ ചലനം സൃഷ്ടിച്ച ഈ സിനിമ അമേരിക്കയിലും ബ്രിട്ടനിലും അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സൗദി പ്രേക്ഷകർക്ക് ഈ സിനിമ കാണാനുള്ള അവസരമാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഈജിപ്ഷ്യൻ നടി റൂബി അഭിനയിക്കുന്ന 'ബാരാ അൽ മൻഹാജ്' ആണ് സമാപന ചിത്രം. അറബ് നടി ഹെന്ദ് സാബ്രി ഉൾപ്പെടെയുള്ളവരുടെ മാസ്റ്റർ ക്ലാസ് സിനിമകളും ഫെസ്റ്റിവലിൽ ഉൾപ്പെട്ടിട്ടുണ്ട്.
2011 മുതൽ 2018 വരെ കാൻ ഫിലിം ഫെസ്റ്റിവലിലെ അത്യാധുനിക സമാന്തര സ്ട്രാൻഡായ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റിെൻറ ഏഴ് പതിപ്പുകൾ ഒരുക്കിയ തെൻറ ചലച്ചിത്ര അനുഭവ സമ്പത്തുമായെത്തുന്ന ഫ്രഞ്ച് പത്രമായ ലിബറേഷെൻറ മുൻ നിരൂപകൻ കൂടിയായ കലാസംവിധായകൻ എഡ്വാർഡ് വൈൻട്രോപ്പലിനാണ് ഫെസ്റ്റിവലിെൻറ മൊത്തം കലാ ചുമതല. ഫ്രഞ്ച് നടി കാതറിൻ ഡെന്യൂവ്, ന്യൂസിലൻഡ് നടി കെറി ഫോക്സ്, സിനിമ പാരഡീസോയുടെ സംവിധായകൻ ഗ്യൂസെപ്പെ ടൊർണാറ്റോർ, അർജൻറീനിയൻ-ഫ്രഞ്ച് സംവിധായകൻ ഗാസ്പർ നോ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം കപിൽ ദേവ്, ബോളിവുഡ് താരം ദീപിക പദുകോൺ തുടങ്ങിയ പ്രമുഖർ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മഹോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയിൽ സിനിമ വ്യവസായം പടിപടിയായി വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ സൗദിയിലെ സിനിമ വ്യവസായത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ഒരു വഴിത്തിരിവായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.