കാഴ്ചയും കൗതുകങ്ങളും നിറച്ച് ചെങ്കടൽതീരം
text_fieldsജുബൈൽ: കൗതുകക്കാഴ്ചകളും സാഹസികതയും നിറച്ച് ചെങ്കടൽതീരം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. സൗദി അറേബ്യയിലെ ചെങ്കടൽതീരം അവധിക്കാല സഞ്ചാരികളുടെയും വാരാന്ത്യങ്ങൾ ചെലവഴിക്കുന്നവരുടെയും പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ്. സൗദി ടൂറിസം പദ്ധതിയുടെ ഭാഗമായി സമുദ്രത്തിനുള്ളിലെ അതിശയകരമായ കാഴ്ചകൾ കാണാനുള്ള സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ട്.
നീന്തൽ, ഡൈവിങ് സൈറ്റുകൾ എന്നിവ ചെങ്കടലിെൻറ വടക്കൻ പ്രദേശങ്ങളുടെയും സസ്യജന്തുജാലങ്ങൾ, സ്രാവുകൾ, കണ്ടൽക്കാടുകൾ, ആഴംകുറഞ്ഞ പവിഴപ്പുറ്റുകൾ എന്നിവ തെക്കൻ പ്രദേശങ്ങളുടെയും പ്രത്യേകതയാണ്. സൗദി അറേബ്യയിലെ ഉഷ്ണകാലാവസ്ഥ കാരണം വർഷം മുഴുവനും കടൽവെള്ളം സദാ ഇളംചൂട് നിലനിർത്തുന്നത് ഡൈവിങ്ങിനും നീന്തലിനുമുള്ള മികച്ച സൗകര്യമാക്കി സഞ്ചാരികളെ ഇവിേടക്ക് ആകർഷിക്കുന്നു.
ഉംലുജ്, യാംബു, തുവാൽ എന്നീ കടൽപ്രദേശങ്ങൾ സമ്പന്നമായ സമുദ്ര പരിതസ്ഥിതികൾ കണ്ടെത്താനുള്ള സാഹസികത വാഗ്ദാനം ചെയ്യുന്നു. ജിദ്ദക്കടുത്ത് ചെങ്കടലിൽ മുങ്ങിക്കിടക്കുന്ന ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് കപ്പലായ അയോണയും മറ്റൊരു ഗ്രീക്ക് കപ്പലും ചൈനീസ് ബോട്ടും ഉൾെപ്പടെയുള്ള കപ്പൽച്ചേതം വന്നയുടെ അവശിഷ്ടങ്ങൾ സ്കൂബ ഡൈവിങ് വിദഗ്ധർക്കും സമുദ്ര പര്യവേക്ഷകർക്കും ഏറെ രസകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. കടലിനടിയിൽ ആണ്ടുപോയ ഇവ പൂർണമായും പവിഴവും കടൽപ്പായലുംകൊണ്ട് മൂടിയിട്ടുണ്ട്.
സാഹസിക ഡൈവർമാർക്ക് നൂതന കാമറകൾ ഉപയോഗിച്ച് ആകർഷകമായ രൂപാകൃതിയും വർണത്തിളവുംകൊണ്ട് പേരുകേട്ട ചെങ്കടൽ പവിഴപ്പുറ്റുകളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ കഴിയും. ഈ സ്ഥലങ്ങളിൽ മികച്ച നീന്തൽ, ഡൈവിങ് അവസരങ്ങൾ മാത്രമല്ല, പ്രാദേശിക കടൽ വിഭവങ്ങൾ വിതരണം ചെയ്യുന്ന റസ്റ്റാറൻറുകളും ഇങ്ങോട്ട് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.