ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർധിക്കുന്നു -ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: കാലം കടന്നുപോകുന്തോറും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർധിക്കുകയാണെന്നും അത് ലോകത്താകമാനം പടർന്നുപന്തലിച്ച ഒരു ദർശനമായി മാറിയെന്നും ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം. ഗാന്ധിയൻ ചിന്തകൾ ലോകനേതാക്കളെ പോലും ത്രസിപ്പിക്കുകയും വർണവിവേചനത്തിനും കോളനിവാഴ്ചക്കുമെതിരായി പൊരുതാൻ അവർക്കു പ്രചോദനമാവുകയും ചെയ്തു. എന്നാൽ ഇന്ത്യയിൽ ഗാന്ധിചിന്തകളെ ഇല്ലായ്മ ചെയ്യാനും ഗാന്ധിജിയുടെ കൊലയാളികൾക്ക് സ്വീകാര്യത നൽകാനും നടത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾ രാഷ്ട്രത്തോട് ചെയ്യുന്ന അനീതിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
രാഷ്ട്രപിതാവിനെ ഇല്ലായ്മ ചെയ്ത വർഗീയ ശക്തികൾ ഇന്ത്യയിലെ മതേതരത്വ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രത്തെ ശിഥിലപ്പെടുത്തുമെന്നും ഗാന്ധിജിയുടെ ദർശനങ്ങളെ ഇന്ത്യ ചരിത്രത്തിൽനിന്നും ഒഴിവാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. മഹാത്മജിയുടെ രക്തസാക്ഷിത്വം ദിനാചരണത്തിന്റെ ഭാഗമായി ദമ്മാമിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമത്തിൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നാട്ടിൽനിന്ന് എത്തിച്ച ശിൽപി ബിജു മാവേലിക്കര നിർമിച്ച ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. ബിജു കല്ലുമലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇ.കെ. സലിം സ്വാഗതവും ഹനീഫ് റാവുത്തർ നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ, ബീൻസ് മാത്യു, ജോണി പുതിയറ, രാജേഷ് തിരുവനന്തപുരം, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.