പുനരാരംഭിച്ച ഉംറ തീർഥാടനം വിദേശത്തുനിന്ന് എത്തിയത് ഒരുലക്ഷം തീർഥാടകർ
text_fieldsജിദ്ദ: സൗദിയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിച്ചശേഷം ഇതുവരെ ഒരു ലക്ഷത്തോളം തീർഥാടകർ വിദേശത്തുനിന്ന് എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ഭാഗികമായി തീർഥാടനം പുനരാരംഭിച്ചത്. തീർഥാടകർക്ക് സേവനം ഒരുക്കുന്നതിന് രാജ്യം നടത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റമദാൻ മാസത്തെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവർത്തന പദ്ധതികളും അടുത്ത ഹജ്ജ് സീസണുമായി ബന്ധപ്പെട്ട പഠനങ്ങളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള 'ഇഅ്ത്തമർന' മൊബൈൽ ആപ്ലിക്കേഷൻ ഇതിനകം ഒമ്പത് ദശലക്ഷം ഗുണഭോക്താക്കൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പദ്ധതികളും മുൻകരുതൽ നടപടികളുമായി ഹജ്ജിനും ഉംറക്കും തന്ത്രപരമായതും സംയോജിതവുമായ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചുവരുകയാണ്. ചിട്ടയായ രീതിയിൽ ഹജ്ജ്, ഉംറ ചെയ്യുന്നത് സുഗമമാക്കുന്നതിനും വരാനിരിക്കുന്ന റമദാനിനായി കൃത്യമായ പദ്ധതികൾ തയാറാക്കാനും സാങ്കേതിക സൗകര്യങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
ലോകത്താകെ കോവിഡ് മഹാമാരി വ്യാപിച്ചപ്പോഴും കർശന മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളും നടപ്പാക്കി രാജ്യത്ത് കുടുങ്ങിയ തീർഥാടകരെ സംരക്ഷിച്ചുനിർത്തുകയും അവർ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ എല്ലാവിധ ആശ്വാസങ്ങളും നൽകുകയും ചെയ്ത സൗദി സർക്കാറിെൻറ മാനുഷിക നിലപാടുകൾ ആഗോള പ്രശംസ പിടിച്ചുപറ്റിയതായി മന്ത്രി എടുത്തുപറഞ്ഞു.
ശ്രദ്ധയോടെയുള്ള ആരോഗ്യ മുൻകരുതലുകളും ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള കൃത്യമായ നടപടികളും എടുത്ത് സുരക്ഷ, ആരോഗ്യ വകുപ്പുകളുമായി സഹകരിച്ച് മൂന്നു ഘട്ടങ്ങളായി ഉംറ സേവനം പുനരാരംഭിക്കാനുള്ള പദ്ധതികൾക്കായി ഹജ്ജ്, ഉംറ മന്ത്രാലയം നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.