‘റിസ’ ദശലക്ഷം സന്ദേശ കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
text_fieldsറിയാദ്: യു.എൻ.ഒ.ഡി.സി അംഗീകാരമുള്ള സുബൈർകുഞ്ഞ് ഫൗണ്ടേഷെൻറ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ‘റിസ’യുടെ ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. ലഹരി എന്ന അപകടം തുടങ്ങുന്നതിന് മുേമ്പ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ ഒരു പതിറ്റാണ്ടിലേറെക്കാലമായി നടത്തിവരുന്ന ഈ കാമ്പയിൻ നെഹ്‌റു ജയന്തി ദിനമായ (ശിശുദിനം) നവംബർ 14 വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്നതാണ്.
കാമ്പയിൻ സമയത്ത് റിസ തയാറാക്കുന്ന ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്‌ലെറ്റുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേത് ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, കാരിബാഗുകൾ തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കും. മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും സമാനലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ നടത്തും.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ, സാമൂഹിക കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വേദികളിൽ പോസ്റ്റർ പ്രദർശനം, ഡോക്യൂമെൻററി ഷോ, ലഘുലേഖാ വിതരണം, ഇൻട്രാക്ടീവ് സെഷനുകൾ എന്നിവ നടത്തും. കാമ്പയിൻ കാലത്ത് റിസയുടെ സൗജന്യ പരിശീലക പരിശീലന പരിപാടി (റിസ - ടോട്ട്) കൂടുതൽ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കാമ്പയിനുമായി സഹകരിക്കാൻ താൽപര്യമുള്ള സംഘടനകളും വ്യക്തികളും റിസ വെബ്സൈറ്റ് സന്ദർശിക്കുകയോ ഡോ. അബ്ദുൽ അസീസ് (00966 505798298), നിസാർ കല്ലറ (0091 9656234007) എന്നീ നമ്പറുകളിൽ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.