‘നുസ്കിലേക്കുള്ള പാത’ ഹജ്ജ്, ഉംറ സമ്മേളനത്തിന് തുടക്കം
text_fieldsസമ്മേളനത്തിൽ സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ സംസാരിക്കുന്നു
ജിദ്ദ: ഹജ്ജ്, ഉംറ സേവനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനവും എക്സിബിഷനും ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനു വേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചു. ദൈവത്തിന്റെ അതിഥികളെ സേവിക്കുക എന്ന ഏറ്റവും മഹത്തായ ദൗത്യം സൗദി അറേബ്യ പ്രതിജ്ഞാബദ്ധതയോടെ തുടരുമെന്ന് സൽമാൻ രാജാവ് പറഞ്ഞു.
‘നുസ്കിലേക്കുള്ള പാത’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ സമ്മേളനം. വ്യാഴാഴ്ച അവസാനിക്കും. ഹജ്ജ്, ഉംറ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്താൻ രാജ്യത്തിന്റെ മുഴുവൻ വിഭവശേഷിയും പ്രയോജനപ്പെടുത്തുകയാണെന്നും ഇരുഹറമുകളിൽ നടക്കുന്ന വികസനപദ്ധതികൾ അതിനുവേണ്ടിയുള്ളതാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ‘സൗദി വിഷൻ 2030’ ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു. രാജ്യത്തേക്കുള്ള അവരുടെ വരവ് മുതൽ അവരുടെ രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങുന്നത് വരെ സൂക്ഷ്മതയോടെയാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. വലിയ ഉത്തരവാദിത്തവും തീർഥാടകർക്ക് സേവനമെന്ന മഹത്തായ ദൗത്യം രാജ്യം തുടർന്നും നിർവഹിക്കുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
സമ്മേളന പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം മക്ക ഡെപ്യൂട്ടി അമീർ ഗവർണർ സന്ദർശിച്ചു. ഹജ്ജ് അനുഭവം സമ്പന്നമാക്കുകയും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്നതാണ് പ്രദർശനം.
2024ൽ ഹജ്ജ്, ഉംറ നിർവഹിച്ചത് 1.85 കോടി ജനങ്ങൾ
ജിദ്ദ: 2024ൽ ഹജ്ജ്, ഉംറ നിർവഹിച്ചത് 1.85 കോടിയിലധികം ജനങ്ങളാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. ജിദ്ദയിലെ സൂപ്പർഡോമിൽ ആരംഭിച്ച ഹജ്ജ്, ഉംറ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൽമാൻ രാജാവിന്റെ മാർഗനിർദേശത്തിനു കീഴിലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള പിന്തുണയോടും മേൽനോട്ടത്തോടെയുമാണ് ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിലെത്തി കർമങ്ങൾ നിർവഹിക്കാനുള്ള മുഴുവൻ സൗകര്യവും ഒരുക്കുന്നത്.
മദീനയിലെ റൗദ സന്ദർശിച്ചത് കഴിഞ്ഞ വർഷം 1.3 കോടിയാണ്. ഇതെല്ലാം ഹജ്ജ് ഉംറ മേഖലയിൽ തീർഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങളുടെ കൂടി വിജയമാണ്. തീർഥാടകരെ സേവിക്കാൻ നിയുക്തരാകുന്ന ജീവനക്കാരുടെ ഉയർന്ന ശേഷിയും ഹജ്ജ് വിസ നടപടികളുടെ ഡിജിറ്റലൈസേഷനും തീർഥാടകരുടെ രജിസ്ട്രേഷനായി ആരംഭിച്ച പ്രഫഷനൽ സംവിധാനവുമാണ് ഈ നേട്ടത്തിലേക്കെത്തിച്ചത്. ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും അത് മെച്ചപ്പെടുത്താനും വേണ്ടിയാണ് ഇതെല്ലാം നടപ്പാക്കിയതെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
ഇന്നത്തെ ഹജ്ജ് യാത്ര എല്ലാത്തരം ബുദ്ധിമുട്ടുകളിൽനിന്നും ശാരീരിക ക്ഷീണത്തിൽനിന്നും അനായാസതയിലേക്കും ആശ്വാസത്തിലേക്കും മാറി. തീർഥാടകർ ആഗ്രഹിക്കുന്ന ഏത് സേവനവും ഉടൻ ലഭിക്കുന്ന സംവിധാനവുമുണ്ടായി. രാജ്യം വികസനപ്രവർത്തനങ്ങളിൽ മുന്നോട്ടു പോവുകയാണെന്നും ദൈവത്തിന്റെ അതിഥികളെ സേവിക്കുന്ന കാര്യങ്ങൾക്കാണ് അതിൽ ‘മുൻഗണന’യെന്നും മന്ത്രി പറഞ്ഞു.
നുറുവർഷം മുമ്പ് മക്കയിലേക്കെത്തുന്ന തീർഥാടകരുടെ എണ്ണം 50,000 ആയിരുന്നു. ഇപ്പോൾ ലോകമെമ്പാടുമുള്ള 20 ലക്ഷത്തിലേറെ തീർഥാടകരാണ് പ്രതിവർഷം എത്തുന്നത്. ദൈവത്തിന്റെ അതിഥികൾക്ക് ആശ്വാസത്തിനുള്ള എല്ലാ മാർഗങ്ങളും പ്രദാനം ചെയ്യുന്നത് തുടരാനുള്ള സൗദിയുടെ താൽപര്യം ഹജ്ജ് ഉംറ മന്ത്രി ആവർത്തിച്ചു. തീർഥാടകരുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താൻ 33ലധികം സന്ദർശനങ്ങൾ നടത്തിയതായും മന്ത്രി വെളിപ്പെടുത്തി.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസപ്പിക്കുന്ന കാര്യത്തിൽ ഇത് ഗുണം ചെയ്തു. തീർഥാടകർക്ക് എന്താണ് വേണ്ടതെന്നും അവരുടെ യാത്രയും തീർഥാടനവും പ്രയാസരഹിതമാക്കാൻ എന്ത് ചെയ്യണമെന്നും ഈ സന്ദർശനങ്ങളിലൂടെ മനസ്സിലാക്കി, അത് പ്രാവർത്തികമാക്കി. വാർഷിക പദ്ധതികൾക്ക് പുറമെ 2040 വരെ നീളുന്ന ഹജ്ജ് പദ്ധതി വികസിപ്പിച്ചിട്ടുണ്ട്.
അടുത്ത വർഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കം ദുൽഹജ്ജ് 12ന് ആരംഭിക്കും. എല്ലാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും രാജ്യങ്ങൾക്ക് രേഖകൾ കൈമാറുകയും ചെയ്താണ് ഒരുക്കം നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ‘നുസ്ക്’ ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. ഇതിൽ നൂറുപുതിയ സേവനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ്, ഉംറ യാത്ര സുഗമമാക്കാനുള്ള സേവനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഈ മൊബൈൽ ആപ്ലിക്കേഷൻ നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.