ഇന്ത്യൻ സംസ്കാരവ്യാപനത്തിൽ പ്രവാസികളുടെ പങ്ക് ശ്രദ്ധേയം –അംബാസഡർ ഡോ. ഔസാഫ് സഈദ്
text_fieldsദമ്മാം: ഇന്ത്യൻ സംസ്കാരത്തിന്റെ വ്യാപനത്തിന് ലോകമെമ്പാടുമുള്ള പ്രവാസികളുടെ പങ്ക് ഏറെ ശ്രദ്ധേയമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സജീദ് പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷത്തിൽ സംസാരിക്കുകയായിരുനു അദ്ദേഹം. ഗൾഫ് മേഖലയിലെ സാമ്പത്തികവികസനത്തിൽ ഇന്ത്യക്കാർ വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ഈ മേഖലകളിൽ ഇന്ത്യക്കാർക്ക് ഗണ്യമായ സ്വാധീനവും പരിഗണനയും ലഭ്യമാണ്. സൗദി അറേബ്യയുമായി 75 വർഷത്തിലധികം നീണ്ട ഉഭയകക്ഷിബന്ധമാണ് ഇന്ത്യക്കുള്ളത്. അടുത്ത കാലത്ത് ഇതിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായും അദ്ദേഹം വിശദീകരിച്ചു. സഹകരണത്തിന്റെ കൂടുതൽ തലങ്ങളിലേക്ക് അതിനെ വ്യാപിപ്പിക്കാൻ കഴിഞ്ഞത് ഇതിന്റെ ഗുണഫലമാണ്. സൗദി അറേബ്യയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഏകദേശം 2.3 ദശലക്ഷമാണ്. അഭിമാനകരമായ നിരവധി മേഖലകളിൽ ഇന്ത്യക്കാർ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനുള്ള അംഗീകാരമെന്നനിലയിൽ പ്രവാസി ഭാരതീയ സമ്മാൻ പ്രഖ്യാപിച്ചത് മുതൽ സൗദിയിലുള്ള ഏഴ് ഇന്ത്യക്കാർക്ക് ഈ അംഗീകാരം ലഭിച്ചു.
2021ലെ ഭാരതീയ പ്രവാസി സമ്മാൻ ലഭിച്ചത് ഡോ. സിദ്ദീഖ് അഹമ്മദിനാണ്. വ്യാപാരമേഖലയിലൂടെ സൗദിയിൽ ഇന്ത്യൻ അഭിമാനം ഉയർത്തിപ്പിടിച്ചതിനാണ് അദ്ദേഹം ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ - പ്രത്യേകിച്ച് ഐ.സി.ടി & മെഡിസിൻ - സംരംഭകത്വം, വ്യാപാരം & വാണിജ്യം, അക്കാദമിക്, കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ ആഗോളതലത്തിൽ ഇന്ത്യക്കാർക്ക് ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മാത്രമല്ല, ഇന്ത്യക്കാരായ പലരും പല രാജ്യങ്ങളിലും ഭരണത്തിലും രാഷ്ട്രീയത്തിലും നേതൃസ്ഥാനങ്ങൾ വഹിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.ഇതിലൂടെ ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനമേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും ഏകത്വവും പ്രകടമാകുന്ന കലാപ്രകടനങ്ങൾ കാണികളുടെ ഏറെ പ്രശംസ പിടിച്ചുപറ്റുന്നതായി. ഇതോടനുബന്ധിച്ച് നേരത്തെ നടന്ന 'ഭാരത് കോ ജനിയെ' ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.