‘സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിൽ മാധ്യമങ്ങളുടെ പങ്ക് ഞെട്ടിപ്പിക്കുന്നത്’
text_fieldsറിയാദ്: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തില് ഉണ്ടായ സ്ഫോടനത്തിനു പിന്നാലെ ഒരു വിഭാഗത്തെ ഉന്നംവെച്ച് ചിലയാളുകൾ രംഗത്തെത്തുകയും അതിന് വളംവെച്ച് കൊടുക്കുന്ന നിലയിൽ ചില മാധ്യമങ്ങൾ രംഗത്തുവന്നതും ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി. കേരളത്തിന്റെ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ അടുത്തിടെ വ്യാപകമായിട്ടുണ്ട്.
അവർക്ക് സഹായകമായി ചില മുഖ്യധാര ചാനൽ, ഓൺലൈൻ, അച്ചടിമാധ്യമങ്ങളും ഇതിന് വളംവെച്ച് കൊടുക്കുന്ന രീതിയിൽ പക്ഷപാതപരമായി വാർത്തകൾ പടച്ചുവിടുന്നത് ഏറെ ഞെട്ടിക്കുന്നതാണെന്നും ഇതിനെ സസൂക്ഷ്മം കേരളീയ സമൂഹം നേരിടണമെന്നും പ്രസ്താവനയിൽ പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ കൃത്യമാണ് കളമശ്ശേരിയിൽ നടന്നത്. അതേ രീതിയിൽ തന്നെ അപലപനീയമാണ് ചില മാധ്യമങ്ങളുടെ ഇടപെടലുകളും. ധ്രുവീകരണം ഉണ്ടാകാൻ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള സർക്കാറിനോട് ആവശ്യപ്പെടുന്നു.
മതസൗഹാർദത്തിനും സമാധാനാന്തരീക്ഷത്തിനും രാജ്യത്തെന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇത്തരം തീവ്രവാദികളെയും ഇവർക്ക് സഹായം ചെയ്യുന്നവരെയും കണ്ടെത്തി ഒറ്റപ്പെടുത്തുകയും കർശന ശിക്ഷ ഉറപ്പാക്കുകയും വേണം. സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെയും ദുഃഖത്തിലും പ്രയാസത്തിലും പങ്കുചേരുന്നു. മതചിഹ്നങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ പവിത്രമായി കാണണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഒരിടത്തും ആരില്‍നിന്നും ഉണ്ടാവരുതെന്നും എസ്.ഐ.സി നേതാക്കളായ അലവിക്കുട്ടി ഒളവട്ടൂർ, ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി, അറക്കൽ അബ്ദുറഹ്മാൻ മൗലവി, ഇബ്രാഹീം ഓമശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.