ഹൃദ്യമായ കാഴ്ചയൊരുക്കി ബദ്റിലെ മണൽക്കുന്നുകൾ
text_fieldsയാംബു: ബദ്ർ മേഖലയിലെ വർണാഭമായ മണൽക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നു. മദീന നഗരത്തിൽനിന്ന് തെക്കുപടിഞ്ഞാറൻ ദിശയിൽ 150 കിലോമീറ്റർ അകലെയാണ് സ്വർണനിറമുള്ള ചെറുതും വലുതുമായ മണൽക്കുന്നുകൾ സ്ഥിതിചെയ്യുന്നത്. യാംബു നഗരിയിൽനിന്ന് ഏകദേശം 75 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. ശീതകാലത്തെ മിതമായ കാലാവസ്ഥയിലാണ് സഞ്ചാരികൾ കുടുംബസമേതം സായാഹ്നങ്ങളിൽ ഇവിടെ ഉല്ലസിക്കാനും വ്യായാമം ചെയ്യാനും മണൽക്കുന്നുകൾ കയറാനും എത്തുന്നത്. ബദ്റിലെ റോഡിനിരുവശവും പല ആകൃതിയിലും വലുപ്പത്തിലുമുള്ള മണൽക്കൂനകളും ദൂരെയായി ചുറ്റും പരന്നുകിടക്കുന്ന മലനിരകളും പ്രകൃതിരമണീയ കാഴ്ചയൊരുക്കുന്നു.
ഏകദേശം രണ്ടായിരം അടിക്കു മേൽ ഉയരമുള്ള ഇവിടത്തെ മലനിരകൾ ഭൂപ്രകൃതിയുടെ വന്യതയും കാഴ്ചകളുടെ വശ്യതയുംകൊണ്ടും അത്യാകർഷകമാണ്. അറബ് നാട്ടിന്റെ വശ്യപ്രകൃതിക്ക് നിറക്കൂട്ടായി ബദ്ർ പട്ടണത്തോടടുത്ത ചാരുത തുടിക്കുന്ന മലനിരകൾ കാണാനും അതിലൂടെ ഒന്ന് കയറിയിറങ്ങാനും സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഉഷ്ണമില്ലാത്ത കാലത്ത് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ ഇവിടെയെത്തുന്നു. ചർമരോഗങ്ങൾ, അസ്ഥിരോഗങ്ങൾ എന്നിവയിൽനിന്ന് രോഗശാന്തി ലഭിക്കാൻ പഴയകാലത്ത് മണൽ മലകളിലെ ട്രെക്കിങ്ങും മണൽപ്രദേശങ്ങളിലെ വ്യായാമവും പതിവായിരുന്നെന്ന് അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ബദ്റിലെ മണൽക്കുന്നുകൾ ചരിത്രത്തിൽ നേരത്തേതന്നെ സഞ്ചാരികളുടെ സാന്നിധ്യംകൊണ്ട് ഇടം പിടിച്ചതാണെന്ന് മദീനയിലെ ചരിത്രഗവേഷകനായ അദ്നാൻ ഈസ അൽ ഉംരി പറഞ്ഞു. ശരീരസുഖത്തിനായും ഫിസിയോ തെറപ്പിക്കും പുരാതനകാലത്തുതന്നെ ആളുകൾ മണൽക്കൂനകൾ ഉപയോഗിച്ചിരുന്നതായും മണലിലെ പ്രകൃതിദത്തമായ ഗുണങ്ങൾ ത്വഗ് രോഗങ്ങൾക്ക് ശമനം നൽകുന്നതായ ചില പഠനങ്ങളിൽ രേഖപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വാതചികിത്സയുടെ ശമനത്തിന് അവയവങ്ങൾ മണലിൽ ഏറെനേരം പൂഴ്ത്തിയിട്ട് പ്രകൃതിപരമായ ചികിത്സ നടത്തിയിരുന്ന പഴമക്കാരുടെ ജീവിതരീതികൾ ചില രേഖകളിൽ പരാമർശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബദ്റിലെ പ്രധാനപ്പെട്ട മണൽമലകൾക്ക് അറബ് ചരിത്രഗ്രന്ഥങ്ങളിൽ ചില പേരുകൾതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഖൂസ് അലി', 'ഖൂസ് അൽ ഹനാൻ' തുടങ്ങിയ ചില പേരുകൾ ഇന്നും പ്രദേശവാസികളായ അറബികൾ ഉപയോഗിക്കുന്നു. പ്രകൃതിയുടെ ഊഷ്മളതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ആസ്വദിക്കാനും പ്രയോജനം നേടാനുമായി മണിക്കൂറുകളോളം ആളുകൾ ഇവിടെ ചെലവഴിക്കുന്നത് കാണാം. സീസണുകളിൽ ട്രക്കിങ്ങിനായി യുവാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യമാണിവിടെ. മണൽമല കയറാൻ എത്തുന്ന സന്ദർശകരെ കാത്ത് സ്വദേശി യുവാക്കൾ ബഗ്ഗികൾ വാടകക്കും ടാക്സി സർവിസിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. നിശ്ചിത വാടക നൽകിയാൽ മണൽക്കുന്നുകളിലെ മുകളിലേക്ക് ഇതുവഴി സാഹസികയാത്ര ചെയ്യാം. കുടുംബങ്ങൾ ആവശ്യമായ വെള്ളവും ഭക്ഷണവും ഒരുക്കി മണൽക്കുന്നുകൾക്കരികെ ഇരുന്ന് സായാഹ്നങ്ങളിൽ സംഗമിക്കുന്ന കാഴ്ചയും സീസണിലെ വേറിട്ട ദൃശ്യമാണ്. മരുഭൂമിയുടെ പരപ്പിനെക്കാൾ സൗന്ദര്യം പ്രകടമാകുന്നത് പൊടിമണൽതരികളാൽ തീർത്ത വൻമലകളാണ്. മണൽക്കൂനകളിൽ ചിലയിടങ്ങളിൽ ഒറ്റക്ക് കുട നിവർത്തിവെച്ചതുപോലുള്ള ചെറുമരങ്ങൾ വന്യമായ കാഴ്ചഭംഗി നൽകുന്നു.
മണൽമല കയറുന്തോറും കാലുകൾ മണലിൽ ആഴ്ന്നിറങ്ങും. എങ്കിലും മലയുടെ മുകൾത്തട്ടുവരെ പോയിവരുന്ന ധാരാളം സാഹസികരെയും ഇവിടെ നമുക്ക് കാണാം. അതിശക്തമായ ജീവിതരൂപവത്കരണ പ്രക്രിയയിൽ മരുഭൂമിയിലെ സാഹസിക അനുഭവം ഫലം ചെയ്യുന്നതായി ഈ രംഗത്ത് പഠനം നടത്തിയ പലരും പറയുന്നു. വിശാലമായ ഭക്ഷണത്തളികയിൽ ധാന്യമണികൾ വാരിയിട്ടപോലെ സ്വർണനിറമുള്ള മണലും അതിനു മീതെ നീലാകാശവും പ്രകൃതിയുടെ മനോഹാരിതയാണ് പ്രകടമാക്കുന്നത്. പച്ചവിരിച്ച കുന്നിൻചരിവുകളിലുള്ളതുപോലെ വൈവിധ്യങ്ങൾ ചാലിച്ച നിറങ്ങളൊന്നും സാധാരണ മരുഭൂമിയിൽ കാണാൻ കഴിയില്ല. മരുഭൂമിയുടെയും മണൽമലകളുടെയും തനതു വർണങ്ങൾ മറ്റൊരു ഹൃദ്യതയാണ് സഞ്ചാരികൾക്ക് പകർന്നുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.