വിദ്വേഷ പ്രചാരണങ്ങളിലൂടെ വിഷം വമിപ്പിക്കുകയാണ് സംഘ്പരിവാർ –സെമിനാർ
text_fieldsജുബൈൽ: ബാബരി മസ്ജിദിെൻറ ധ്വംസനത്തിന് ശേഷം 29 വർഷം പൂർത്തിയായ വേളയിൽ 'അനീതിയോട് രാജിയില്ല' എന്ന തലക്കെട്ടിൽ ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. വിദ്വേഷ പ്രചാരണങ്ങളിലൂടെ രാജ്യമൊട്ടുക്കും വിഷം വമിപ്പിക്കുകയാണ് സംഘ്പരിവാർ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഇന്ത്യ അതിഗുരുതരമായ രീതിയിൽ വർഗീയവത്കരിക്കപ്പെടുമ്പോൾ മതേതര പാർട്ടികൾ പുലർത്തുന്ന മൗനം ഇരകളാക്കപ്പെടുന്ന ഭൂരിഭാഗം ജനങ്ങളുടെയും പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഫോറം ഡൽഹി സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് ഫഹീം അഭിപ്രായപ്പെട്ടു. ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിെൻറ പരമോന്നത നീതിപീഠം അന്തിമവിധിയിലൂടെ തീർപ്പാക്കിയ വിഷയത്തിന്മേൽ ഇന്നും നീതിക്കായി ഒരു സമൂഹത്തിന് പോരാടേണ്ടി വരുന്നു എന്നത് അത്യന്തം വേദനജനകമാണ്.
ബാബരിയിൽ തുടങ്ങിയ അവകാശവാദം യു.പിയിലെ ഷാഹി മസ്ജിദ് ഉൾപ്പെടെ ആയിരക്കണക്കിന് പള്ളികളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ മാത്രമല്ല മനുഷ്യെൻറ ജീവനും സ്വത്തിനും സംഘ്പരിവാർ തുടരുന്ന ഭീഷണി വലിയ അപകടാവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.
അവകാശങ്ങൾക്കായി സംഘടിക്കാനും നിലനിൽപിനുവേണ്ടി ജനാധിപത്യപരമായി പോരാടാനുമുള്ള സമര-മനോഭാവം ജനങ്ങളിലുണ്ടാകുകയാണ് ചെയ്യുന്നതെന്ന് സെമിനാർ വിലയിരുത്തി. സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് പ്രസിഡൻറ് അബ്ദുറഹീം വടകര അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സക്കീർ പറമ്പിൽ, നൗഫർ, ബദറുദ്ദീൻ, അൻസാർ കോട്ടയം എന്നിവർ സംസാരിച്ചു. ഷാജിദ് കണ്ണൂർ സ്വാഗതവും മൂസാൻ പൊന്മള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.