സൗദി കിരീടാവകാശിയും ഇറാഖ് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽകാദ്മിയും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണ മേഖലകളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും അതിനാവശ്യമായ പിന്തുണക്കും സഹായിക്കുന്ന നിരവധി വിഷയങ്ങളിലെ വീക്ഷണങ്ങൾ പരസ്പരം കൈമാറി. സ്വീകരണ ചടങ്ങിൽ നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ, പ്രതിരോധ ഡെപ്യൂട്ടി മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, ഇന്‍റലിജൻസ് മേധാവി ഖാലിദ് ബിൻ അലി അൽഹുമൈദാൻ, ഇറാഖിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് അൽശംരി എന്നിവർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച രാവിലെ ഇറാഖ് പ്രധാനമന്ത്രി മക്കയിലെത്തി ഉംറ നിർവഹിച്ചു. മസ്ജിദുൽ ഹറമിലെത്തിയ മുസ്തഫ അൽകാദ്മിയെയും സംഘത്തെയും ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും ഹറം സുരക്ഷാസേന മേധാവികളും ചേർന്നു സ്വീകരിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഇറാഖ് പ്രധാനമന്ത്രി സൗദിയിലെത്തിയത്. ജിദ്ദ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.