
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
ലോകത്തിലെ ആദ്യ 'ലാഭേഛയില്ലാത്ത നഗരം' റിയാദിൽ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി
text_fieldsജിദ്ദ: ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോൺ പ്രോഫിറ്റ് സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിെൻറ വടക്കുഭാഗത്തെ അർഗ ഡിസ്ട്രിക്റ്റിൽ വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം നിർമിക്കുമെന്ന് കിരീടാവകാശിയും മിസ്ക് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
ആഗോളതലത്തിൽ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന് റിയാദിൽ സ്ഥാപിക്കാനൊരുങ്ങുന്ന നഗരം മാതൃകയാകും. നിരവധി യുവജനങ്ങൾക്കും സന്നദ്ധ വിഭാഗങ്ങൾക്കും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾക്കും ഇൗ നഗരമൊരു ഈറ്റില്ലമായി മാറുമെന്ന് കിരീടാവകാശി പറഞ്ഞു.
ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന ആദ്യത്തെ നഗരം മിസ്ക് ഫൗണ്ടേഷെൻറ ലക്ഷ്യ പൂർത്തീകരണങ്ങളിലൊന്നാണ്. യുവതിയുവാക്കൾക്ക് തൊഴിലവസരങ്ങളും തൊഴിൽ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും. നഗരത്തിെൻറ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കും. നിരവധി സേവനങ്ങൾ ഈ പദ്ധതിയിൽ ഉൾചേർന്നിട്ടുണ്ട്.
അക്കാദമികൾ, കോളജുകൾ, സ്കൂളുകൾ തുടങ്ങി വൈജ്ഞാനിക, വിദ്യാഭ്യാസ രംഗത്തെ ഉന്നതവും ഗുണമേന്മയുമുള്ള ലോകോത്തര സ്ഥാപനങ്ങൾ നഗരത്തിൽ സ്ഥാപിക്കപ്പെടും. കോൺഫ്രൻസ് ഹാൾ, സയൻസ് മ്യൂസിയം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള, ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്കായുള്ള ശ്രമങ്ങൾ നടക്കുന്ന 'നവീകരണ കേന്ദ്ര'വും നഗരത്തിലുണ്ടാകും. ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ഗാലറി, പെർഫോമിങ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, പാചക കളരി, പാർപ്പിട സമുച്ചയം എന്നിവയും നഗരത്തിലുണ്ടായിരിക്കും. ലോകമെമ്പാടുമുള്ള സംരംഭകർക്ക് ഈ നഗരത്തിൽ പണം മുടക്കാൻ അവസരമുണ്ടാകും.
'അമീർ മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി' എന്നായിരിക്കും നഗരത്തിെൻറ പേര്. റിയാദിലെ 'വാദി ഹനീഫ'യോട് ചേർന്നുള്ള അർഗ ഡിസ്ട്രിക്റ്റിൽ ഏകശേദം 3.4 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കുക. മൊത്തം പ്രദേശത്തിെൻറ 44 ശതമാനം തുറന്ന ഹരിത ഇടങ്ങളായിരിക്കും.
യുവതിയുവാക്കൾക്ക് പഠനത്തിനും നേതൃപാടവം വികസിപ്പിക്കുന്നതിനും ആവശ്യമായ ഏറ്റവും നൂതന സൗകര്യമൊരുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം രാജ്യത്തിെൻറയും ലോകത്തിെൻറയും ഭാവി രൂപപ്പെടുത്തുന്നതിന് സൗദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന സുപ്രധാന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനുമായാണ് നോൺ പ്രോഫിറ്റ് സിറ്റി പദ്ധതി നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.