ഫലസ്തീന് യു.എന്നിൽ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്ന് -കിരീടാവകാശി
text_fieldsറിയാദ്: ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഫലസ്തീനിലെയും ലബനാനിലെയും സഹോദരങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
റിയാദിൽ നടന്ന അറബ് ഇസ്ലാമിക് അസാധാരണ ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ സൽമാൻ രാജാവിനുവേണ്ടി നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ഫലസ്തീൻ ജനതക്കെതിരെയുള്ള ഇസ്രായേൽ ആക്രമണങ്ങളുടെ തുടർച്ചയുടെയും ലബനാനിലെ ആക്രമണങ്ങളുടെ വ്യാപ്തി വർധിച്ചതിെൻറയും അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്.
ഇറാെൻറ പരമാധികാരത്തെ ബഹുമാനിക്കാനും അതിെൻറ ഭൂമി ആക്രമിക്കാതിരിക്കാനും ഇസ്രായേലിനെ നിർബന്ധിക്കണമെന്നും കിരീടാവകാശി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തിയ വംശഹത്യയെ സൗദി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നത് പുതുക്കുന്നു.
ആക്രമണം മൂലം ജീവൻ അപഹരിച്ചവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും എണ്ണം 150000ലധികമായി. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും കിരീടാവകാശി പറഞ്ഞു.നിരപരാധികളായ ജനങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളും അൽഅഖ്സ പള്ളിയുടെ പവിത്രതയുടെ തുടർച്ചയായ ലംഘനവും എല്ലാ ഫലസ്തീൻ പ്രദേശങ്ങളിലും ഫലസ്തീൻ ദേശീയ അതോറിറ്റിയുടെ സുപ്രധാന പങ്ക് കുറക്കുകയും ചെയ്തുവെന്ന് കിരീടാവകാശി പറഞ്ഞു.
ഇത് ഫലസ്തീൻ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെയും ദുർബലപ്പെടുത്തും. ഫലസ്തീൻ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നൽകുന്നതിൽ നിന്ന് യു.എൻ.ആർ. ഡബ്ല്യു.എ തടയുന്നതും തടസ്സപ്പെടുത്തുന്നതും സൗദി അപലപിക്കുന്നതായി കിരീടാവകാശി സൂചിപ്പിച്ചു.
ലബനാൻ പ്രദേശത്തെ ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ സൈനിക നടപടികളെ അപലപിക്കുകയും ലബനാെൻറ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയും അതിെൻറ പ്രാദേശിക സമഗ്രതയുടെ ലംഘനവും പൗരന്മാരുടെ കുടിയൊഴിപ്പിക്കലും നിരസിക്കുകയും ചെയ്യുന്നു.
ഇസ്രായേൽ ആക്രമണത്തിെൻറ വിനാശകരമായ പ്രത്യാഘാതങ്ങൾ മറികടക്കാൻ ഫലസ്തീനിലെയും ലബനാനിലെയും സഹോദരങ്ങൾക്കൊപ്പം രാജ്യം നിലകൊള്ളുന്നുവെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തെ അപലപിക്കാനും ഫലസ്തീൻ പ്രശ്നം മുഖ്യമായി കണ്ട് അന്താരാഷ്ട്ര തലത്തിൽ സംയുക്ത പ്രവർത്തനത്തിലൂടെ നമ്മുടെ രാജ്യങ്ങൾ സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു.
ഫലസ്തീന് ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്ന് യു.എൻ ജനറൽ അസംബ്ലിയുടെ പ്രമേയങ്ങളിൽ പറഞ്ഞതുപോലെ ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനായി ഞങ്ങൾ അന്താരാഷ്ട്ര യോഗം വിളിച്ചുകൂട്ടി. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂനിയനുമായും നോർവേ രാജ്യവുമായും പങ്കാളിത്തത്തോടെ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര സഖ്യവും ആരംഭിച്ചു. ഈ സഖ്യത്തിൽ ചേരാൻ ഞങ്ങൾ ബാക്കി രാജ്യങ്ങളോട് അഭ്യർഥിക്കുന്നുവെന്ന് കിരീടാവകാശി പറഞ്ഞു. കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സംയുക്ത ശ്രമങ്ങൾ തുടരേണ്ടതിെൻറ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു.
ലബനാനിെൻറ പരമാധികാരവും അതിെൻറ മുഴുവൻ പ്രദേശവും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും ഊന്നിപ്പറയുന്നു. നാമെല്ലാവരും ആഗ്രഹിക്കുന്നത് കൈവരിക്കുന്നതിന് ഇൗ ഉച്ചകോടി സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും ക്ഷണപ്രകാരമാണ് അറബ് ഇസ്ലാമിക് സംയുക്ത അസാധാരണ ഉച്ചകോടി റിയാദിൽ നടന്നത്. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി ഏകോപിപ്പിച്ച് കിരീടാവകാശി നടത്തിയ ശ്രമങ്ങളുടെ തുടർച്ചയായാണിത്.
ഫലസ്തീൻ പ്രദേശങ്ങൾക്കും ലബനാനിനുമെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിെൻറ പശ്ചാത്തലത്തിലും ഫലസ്തീൻ രാഷ്ട്രത്തിെൻറ അംഗീകാരത്തിനായി അന്താരാഷ്ട്ര പിന്തുണ നേടുന്നതിനും മേഖലയിലെ നിലവിലെ അവസ്ഥകളും സംഭവവികാസങ്ങളും ചർച്ചചെയ്യാനുമാണ് ഉച്ചകോടി വിളിച്ചുകൂട്ടിയത്.
2023 നവംബർ 11ന് റിയാദിൽ നടന്ന സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ വിപുലീകരണമാണ് ഇൗ ഉച്ചകോടി. 57 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.