ഇന്ത്യയിലെ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് സൗദി കിരീടാവകാശി, മോദിക്ക് സന്ദേശമയച്ചു
text_fieldsജിദ്ദ: ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ന്യൂഡൽഹിയിൽനിന്ന് പുറപ്പെടവെയാണ് നന്ദി സന്ദേശം അയച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യ വിടുമ്പോൾ എനിക്കും ഒപ്പമുള്ള സംഘത്തിനും ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നിങ്ങളുടെ രാജ്യത്തോട് വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണെന്ന് സന്ദേശത്തിൽ പറയുന്നു. നിങ്ങളുടെ രാജ്യവുമായി ഞാൻ നടത്തിയ ഔദ്യോഗിക ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ദൃഢബന്ധത്തിന്റെ ശക്തിയും ഉഭയകക്ഷി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഉറപ്പിക്കുന്നതാണ്.
സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗം ഗുണഫലമുണ്ടാക്കിയതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ കാര്യമായ സ്വാധീനം അത് ചെലുത്തും. ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇന്ത്യ അലങ്കരിപ്പോൾ ഉണ്ടായ നല്ല ഫലങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അതിന്റെ തീരുമാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഗ്രൂപ്പിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെ പിന്തുണക്കുന്നതിനും ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് വർധിപ്പിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ രാജ്യത്തിന് ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ. നിങ്ങളുടെ രാജ്യത്തിനും ജനതക്കും പുരോഗതിയും സമൃദ്ധിയും തുടരട്ടെ എന്നും ആശംസിക്കുന്നു -സന്ദേശത്തിൽ പറയുന്നു.
മടക്ക യാത്രാവേളയിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും കിരീടാവകാശി നന്ദി സന്ദേശം അയച്ചു. ന്യൂഡൽഹിയിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് പുറപ്പെട്ട കിരീടാവകാശി ഒമാനിലെത്തി. അവിടെ ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.