സൗദി നാവികസേന യുദ്ധക്കപ്പൽ അൽ-ജുബൈൽ നീറ്റിലിറക്കി
text_fieldsജുബൈൽ: നിർമാണം പൂർത്തിയായ സൗദി നാവികസേന യുദ്ധക്കപ്പൽ എച്ച്.എം.എസ് അൽ-ജുബൈൽ സ്പെയിനിൽ നീറ്റിലിറക്കി. സ്പെയിനിലെ സാൻ ഫെർണാണ്ടോ നഗരത്തിൽ നടന്ന ചടങ്ങിൽ യുദ്ധക്കപ്പലിന് ഔദ്യോഗികമായി എച്ച്.എം.എസ് അൽ-ജുബൈൽ എന്ന് നാമകരണം ചെയ്തു. റോയൽ സൗദി നാവിക സേവനത്തിൽ പ്രവേശിക്കുന്നതിന്റെ അടയാളമായി കമാൻഡർ ' അൽ-ജുബൈലി'ൽ സൗദി അറേബ്യയുടെ പതാക ഉയർത്തി.
റോയൽ സൗദി നേവൽ ഫോഴ്സ് കമാൻഡർ െലഫ്റ്റനന്റ് ജനറൽ അഡ്മിറൽ ഫഹദ് ബിൻ അബ്ദുല്ല അൽ-ഗുഫൈലിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. കപ്പൽ ലോഞ്ചിങ്ങിൽ സ്പെയിനിലെ സൗദി അംബാസഡർ അസം ബിൻ അബ്ദുൾ കരീം അൽ-ജിൻ പങ്കെടുത്തു. കൂടാതെ മുതിർന്ന ഉദ്യോഗസ്ഥർ, സൗദി മിലിട്ടറി അറ്റാഷെ, സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയുടെ സി.ഇ.ഒ. വലീദ് ബിൻ അബ്ദുൽമജീദ് അബൂ ഖാലിദ്, സ്പാനിഷ് നേവൽ ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറൽ അന്റോണിയോ മാർട്ടോറെൽ എന്നിവരും സ്പാനിഷ് ഗവൺമെന്റിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സ്പാനിഷ് നവന്റിയ കമ്പനികളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യ യുദ്ധക്കപ്പൽ പ്രവർത്തനനിരതമായത് ശ്രദ്ധേയമായ നേട്ടമാണെന്ന് കമാൻഡർ അൽ-ഗുഫൈലി പറഞ്ഞു. ഈ നേട്ടം റോയൽ സൗദി നാവികസേനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും മേഖലയിലെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനും സൗദി അറേബ്യയുടെ സുപ്രധാനവും തന്ത്രപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സൈനിക സേനകളുടെയും പരമോന്നത കമാൻഡർ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഉപപ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവർ നൽകുന്ന പരിധിയില്ലാത്ത പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.