വ്യാപാര വിനിമയവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തും –ധനമന്ത്രി
text_fieldsജിദ്ദ: സൗദിക്കും ഒമാനും ഇടയിൽ ഉദ്ഘാടനം ചെയ്ത റോഡ് വ്യാപാര വിനിമയത്തെ പിന്തുണക്കുകയും സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സൗദി കിരീടാവകാശിയുടെ ഒമാൻ സന്ദർശനവേളയിൽ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് ഉദ്ഘാടനംചെയ്തതിൽ ഇരു രാജ്യങ്ങളെയും മന്ത്രി പ്രശംസിച്ചു. സൗദി അറേബ്യയെയും ഒമാനെയും ഒന്നിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളുടെ ദൃഢീകരണമായാണ് റോഡ് ഉണ്ടായിരിക്കുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര വിനിയമങ്ങളും സാമ്പത്തിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനാൽ ഇൗ റോഡിന് വലിയ പ്രധാന്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
യാത്രക്കാരെ സ്വീകരിക്കാൻ സർവം സജ്ജം –കസ്റ്റംസ് അതോറിറ്റി
ജിദ്ദ: സൗദിക്കും ഒമാനുമിടയിൽ യാത്രക്കാരെ സ്വീകരിക്കുന്നതിനും അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും പോക്കുവരവുകൾ സുഗമമാക്കുന്നതിനും എല്ലാ മാർഗങ്ങളും തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് പറഞ്ഞു. സൗദിക്കും ഒമാനുമിടയിലെ റോഡ് വലിയ അഭിമാനമാണ്. ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാക്കും. ചരക്കു കൈമാറ്റത്തിനും സാമ്പത്തിക ഏകീകരണത്തിനും സഹായിക്കും. പാസഞ്ചർ ഏരിയക്ക് പ്രതിദിനം 1,700 വാഹനങ്ങളുടെ ശേഷിയുണ്ടെന്നും കാർഗോ ഏരിയക്ക് പ്രതിദിനം 966 ട്രക്കുകളുടെ ശേഷിയുണ്ടെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ പറഞ്ഞു.
യാത്രക്കാരുടെയും ചരക്കുലോറികളുടെയും വരവ് തുടങ്ങി
ജിദ്ദ: സൗദി അറേബ്യയെയും ഒമാനിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് വഴി യാത്രക്കാരുടെയും ചരക്കുവാഹനങ്ങളുടെയും വരവ് തുടങ്ങി. റുബുൽ ഖാലി കവാടം (ഉമ്മു സമൂൽ കവാടം) വഴി ഒമാനിൽനിന്നെത്തിയവർ സൗദിയിലേക്ക് പ്രവേശിച്ചത് ബുധനാഴ്ച മുതലാണ്. സൗദിയിലേക്കു വന്ന ആളുകളുടെ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കിഴക്കൻ മേഖല പാസ്പോർട്ട് വകുപ്പ് ആവശ്യമായ ഒരുക്കങ്ങൾ കവാടത്തിൽ പൂർത്തിയാക്കിയിരുന്നു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് 24 മണിക്കൂറും കവാടത്തിൽ സേവനം ലഭിക്കും. ട്രക്കുകൾക്ക് ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.