ഹജ്ജ്, ഉംറ സേവന മേഖലയിലെ സ്ഥാപനങ്ങൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ച് സൗദി ഭരണാധികാരി
text_fieldsജിദ്ദ: സൗദിയിലെ ഹജ്ജ്, ഉംറ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇളവുകൾ പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. കോവിഡ് മഹാമാരിയെത്തുടർന്ന് ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള രാജാവിന്‍റെ താൽപ്പര്യപ്രകാരമാണ് തീരുമാനം.
ഹജ്ജ്, ഉംറ മേഖലയിലെ നിക്ഷേപകർ, വ്യക്തികൾ, സ്വകാര്യമേഖല സ്ഥാപനങ്ങൾ എന്നിവർക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവി അടക്കാൻ ആറു മാസത്തെ ഇളവ് നൽകി. മക്ക, മദീന നഗരങ്ങളിൽ താമസ സൗകര്യങ്ങൾക്കായി അനുവദിക്കുന്ന മുനിസിപ്പൽ വാണിജ്യ പ്രവർത്തന ലൈസൻസുകളുടെ വാർഷിക ഫീസ് ഒരു വർഷത്തേക്ക് ഒഴിവാക്കി.
ഇരു നഗരങ്ങളിലെയും താമസ സൗകര്യങ്ങൾക്കായി ടൂറിസം മന്ത്രാലയ ലൈസൻസ് പുതുക്കാനുള്ള ഫീ ഒരു വർഷത്തേക്ക് സൗജന്യമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ താമസ രേഖ പുതുക്കാനുള്ള ഫീ ആറു മാസത്തേക്ക് ഒഴിവാക്കി. എന്നാൽ, ഇത് ഒരു വർഷത്തിനുള്ളിൽ തവണകളായി അടച്ചുതീർക്കണം.
തീർഥാടകരുടെ യാത്രകൾക്കായി സ്ഥാപനങ്ങൾ സർവിസ് നടത്തുന്ന ബസുകളുടെ ലൈസൻസ് (ഇസ്തിമാറ) ഫീ ഒരു വർഷത്തേക്ക് സൗജന്യമാക്കി. ഈ വർഷത്തെ ഹജ്ജിനായി ഒരുക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് മാറ്റിവെക്കും. ഇത് നിശ്ചിത തീയതി മുതൽ നാല് മാസ കാലയളവിൽ തവണകളായി അടച്ചാൽ മതിയാകും.
കോവിഡ് മഹാമാരിയെത്തുടർന്ന് ഹജ്ജ്, ഉംറ സർവിസ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളിലൂടെയും ബാധ്യതകളിലൂടെയുമാണ് കടന്നുപോവുന്നത്. വ്യക്തികൾക്കും സ്വകാര്യമേഖലക്കും നിക്ഷേപകർക്കും ഉണ്ടായ ഇത്തരം പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി സർക്കാർ 150ലധികം പദ്ധതികളിലൂടെ 180 ബില്ല്യൺ റിയാൽ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.