സൗദി വനിത ഫുട്ബാൾ ടീം ഭൂട്ടാനെതിരെ രണ്ടു മത്സരങ്ങൾക്കൊരുങ്ങുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിലെ വനിത കായിക വിനോദത്തിൽ മറ്റൊരു അധ്യായം കൂട്ടിച്ചേർത്ത് 'ഗ്രീൻ ഫാൽക്കൺസ്' എന്നറിയപ്പെടുന്ന ദേശീയ വനിത ഫുട്ബാൾ ടീം ഭൂട്ടാനെതിരെ രണ്ടു മത്സരങ്ങൾക്കൊരുങ്ങുന്നു. അബഹയിലെ അമീർ സുൽത്താൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ സ്ത്രീകളുടെ പരിവർത്തന കായികയാത്രയുടെ ഏറ്റവും പുതിയ അധ്യായമായിരിക്കുകയാണ്.
2021 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം വനിത ദേശീയ ഫുട്ബാൾ ടീം കളിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളാണിത്. ഗ്രീൻ ഫാൽക്കൺസ് രൂപവത്കരിച്ചതിനുശേഷമുള്ള ഉദ്ഘാടന മത്സരങ്ങളിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ നാഷനൽ സ്റ്റേഡിയത്തിൽ സീഷെൽസിനോടും മാലദ്വീപിനോടും ടീം ഏറ്റുമുട്ടിയിരുന്നു. രണ്ട് മത്സരങ്ങളിലും ഗ്രീൻ ഫാൽക്കൺസ് 2-0 സ്കോറിൽ വിജയിച്ചു.
'വിഷൻ 2030'ന്റെ ഭാഗമായി കായികരംഗത്തെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തവും താൽപര്യവും പ്രചോദിപ്പിക്കാൻ രാജ്യം ലക്ഷ്യമിടുന്നു. രാജ്യത്തെ സ്പോർട്സ് രംഗങ്ങളിൽ സ്ത്രീ പങ്കാളിത്തം കഴിഞ്ഞ നാലു വർഷത്തിനിടെ 150 ശതമാനം വർധിച്ചിട്ടുണ്ട്.
അഞ്ചിനും 15നും ഇടയിലുള്ള പ്രായക്കാരായ 1,95,000 പെൺകുട്ടികൾ നിലവിൽ പ്രതിവാര സ്പോർട്സ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. രാജ്യത്തെ ഒന്നാം നമ്പർ കായിക വിനോദമെന്ന നിലയിൽ, സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്റെ ഏഴ് പ്രധാന തന്ത്രപ്രധാനമായ മുൻഗണനകളിൽ ഒന്നാണ് വനിത ഫുട്ബാൾ.
ഗ്രാസ്റൂട്ട്, കളിക്കാരുടെ വികസനം, കോച്ചിങ്, സൗകര്യങ്ങൾ, മത്സരങ്ങൾ, ഭരണം തുടങ്ങിയ മേഖലകളിൽ അഭൂതപൂർവമായ നിക്ഷേപങ്ങളോടെ, സ്ത്രീകളുടെ ഗെയിമിന്റെ എല്ലാ തലങ്ങളിലും താൽപര്യവും പങ്കാളിത്തവും വർധിപ്പിക്കുന്നതിന് ഫെഡറേഷന് പദ്ധതികളുണ്ട്.
രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരത്തിലധികം പെൺകുട്ടികൾക്കായി ഒന്നിലധികം പുതിയ പ്രാദേശിക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ച് പുതിയ അവസരങ്ങൾ നൽകുക എന്നതാണ് ആത്യന്തിക പദ്ധതി. ഇന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്ത 450 വനിത കളിക്കാരും 49 യോഗ്യതയുള്ള റഫറിമാരും 800 ലധികം ഡി, സി, ബി ലൈസൻസുള്ള പരിശീലകരും ഉണ്ട്. കഴിഞ്ഞവർഷം രാജ്യം തങ്ങളുടെ ആദ്യത്തെ വനിതപരിശീലകയായി ജർമൻ ടീം അംഗമായിരുന്ന മോണിക്ക സ്റ്റാബിനെ നിയമിച്ചു.
കഴിഞ്ഞ വർഷം 16 ടീമുകളെ ഉൾപ്പെടുത്തി ആദ്യത്തെ പ്രാദേശിക വനിതഫുട്ബാൾ ലീഗ് മത്സരം സംഘടിപ്പിച്ചു. അടുത്ത മാസം പുതിയ എട്ട് ടീമുകളുടെ പ്രീമിയർ ലീഗ് അവതരിപ്പിക്കും. രണ്ട് ഡിവിഷനുകളിലുമായി നിലവിൽ രാജ്യത്ത് 25 വനിത ഫുട്ബാൾ ക്ലബുകളുണ്ട്. വെസ്റ്റ് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ മൂന്നാമത് വനിത ഫുട്ബാൾ ചാമ്പ്യൻഷിപ് ജിദ്ദയിൽ നടന്നപ്പോൾ ആതിഥേയരായ സൗദി ടീം വെള്ളി മെഡൽ നേടി. 2026ൽ നടക്കാനിരിക്കുന്ന വനിത എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.