കടലോളങ്ങൾ വിളിക്കുന്നു, ബോട്ട് യാത്രക്ക്
text_fieldsയാംബു: കടലിന്റെ ഭംഗി നുകർന്ന് സവാരി നടത്താൻ യാംബു ടൗൺ മത്സ്യമാർക്കറ്റിനടുത്തുള്ള ഹാർബറിൽ സൗകര്യം. ഇവിടെ നിന്ന് ഇഷ്ട ബോട്ടിൽ യാത്ര നടത്താം. മാസങ്ങൾക്കുമുമ്പ് ഇവിടെ സഞ്ചാരികൾക്കായി തുടക്കം കുറിച്ച ബോട്ടിങ് അടുത്തിടെയാണ് സജീവമായത്.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ബോട്ടിങ്ങുണ്ട്. യാംബു ടൗണിൽനിന്ന് എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലമാണിത്. മനോഹരമായ പവിഴപ്പുറ്റുകളുടെ അപൂർവ കാഴ്ചാനുഭവങ്ങൾ ആസ്വദിക്കാൻ മലയാളികളുൾപ്പെടെ നൂറുകണക്കിനാളുകൾ ഇവിടെയെത്തുന്നു.
മറൈൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള ബോട്ടുകളും കപ്പലുകളുമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. നീന്തൽ, മീൻ പിടുത്തം, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടുത്തി ബോട്ട് സവാരിക്ക് പ്രത്യേക പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്.
ആർക്കും താങ്ങാവുന്ന നിരക്കിൽ പാക്കേജുകൾ ലഭ്യം. പരമ്പരാഗത മരക്കപ്പലുകളും ചെറിയ ബോട്ടുകളുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കടലിന്റെ അടിത്തട്ടിന്റെയും പവിഴപുറ്റുകളുടെയും നീന്തിയും നുരച്ചുപൊന്തിയും തുടിക്കുന്ന മീനുകളുടെയും വർണാഭമായ കാഴ്ചകൾ നഗ്നനേത്രങ്ങളും ചെറിയ ദൂരദർശിനികളും കൊണ്ട് കണ്ട് ആസ്വദിക്കാനുള്ള സൗകര്യം ബോട്ട് യാത്രക്കിടെ ലഭിക്കും.
നീന്തൽ വസ്ത്രങ്ങളും ബോട്ടുകളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. വേണമെങ്കിൽ കടലിൽ ഒന്ന് നീന്താം, ഡൈവിങ്ങടിക്കാം. സഞ്ചാരികളുടെ ഇഷ്ടത്തിന് അനുസരിച്ച് കടൽ യാത്ര പ്ലാൻ ചെയ്യാവുന്നതാണ്. ഒരു മണിക്കൂർ മുതൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രിപ്പുകളുമുണ്ട്.
ബോട്ടു നിയന്ത്രിക്കുന്ന സ്രാങ്കുമാരിൽ മലയാളികളുള്ള സൗദിയിലെ അപൂർവ ബീച്ച് കൂടിയാണ് യാംബുവിലേത്. വർഷങ്ങളായി മലയാളികൾക്കൊപ്പം സ്വദേശികൾക്കും പ്രിയങ്കരന്മാരായ മൂന്നു സ്രാങ്കുമാർ മലയാളികളായി ഇവിടെയുണ്ട്.
മലപ്പുറം താനൂർ സ്വദേശികളായ ബഷീർ ഒറ്റയിൽ, സഹോദരൻ ജംഷാദ്, ആബിദ് എന്നിവർ. അവധിക്കാലങ്ങളിലും കാലാവസ്ഥ അനുകൂലമായ സീസണിലും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മലയാളികളുൾപ്പെടെ സഞ്ചാരികൾ ധാരാളം ഇവിടെ എത്താറുണ്ടെന്ന് ജംഷാദ് പറഞ്ഞു.
മലയാളികൾക്ക് ബോട്ട് സവാരിക്ക് പ്രത്യേകം പരിഗണന നൽകാൻ ശ്രദ്ധിക്കാറുണ്ടെന്നും ആവശ്യമുള്ളവർക്ക് താമസ സൗകര്യവും സ്കൂബ ഡൈവിങ്, സ്നോർക്കലിങ് എന്നിവക്കാവശ്യമായ കോച്ചിങ്ങും മറ്റു സംവിധാനങ്ങളും ഒരുക്കാൻ കഴിയുമെന്നും ജംഷാദ് (0507592769) ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ധാരാളം ബോട്ടുകൾ ഇവിടെ സവാരിക്കായി ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറിന് ബോട്ടിന്റെ വലിപ്പമനുസരിച്ച് 300 മുതൽ 700 വരെ റിയാലാണ് ചാർജ്. ആറ് മുതൽ 12 വരെ ആളുകൾക്ക് യാത്ര ചെയ്യാം. നാലു പേർക്ക് കയറാവുന്ന സ്പീഡ് ബോട്ടുകളും വാട്ടർ സ്കൂട്ടറുകളുമുണ്ട്.
അപൂർവ വർണമത്സ്യങ്ങളുടെയും പവിഴപ്പുറ്റുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ കാണാനാണ് സഞ്ചാരികളധികവും ഇവിടെയെത്തുന്നത്. ബോട്ട് യാത്ര ചെയ്യാൻ സൗദി കോസ്റ്റ് ഗാർഡിെൻറ മുൻകൂട്ടിയുള്ള അനുമതി വേണം. മറൈൻ കമ്പനി തന്നെ അതിനുള്ള സംവിധാനമൊരുക്കും. സഞ്ചാരികൾക്ക് മുൻകൂട്ടി അവരുടെ താമസരേഖ സമർപ്പിച്ച് യാത്രക്ക് ബുക്ക് ചെയ്യാൻ ഇവിടെ സംവിധാനമുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് കോസ്റ്റ് ഗാർഡ് ബോട്ടിൽ വെച്ച് രേഖകൾ പരിശോധിച്ച ശേഷമാണ് യാത്ര പുറപ്പെടുക. യാത്രക്കാർ ഏതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളുടെയോ നിയന്ത്രിത പ്രദേശങ്ങളുടേയോ സൈനിക താവളങ്ങളുടെയോ ചിത്രങ്ങൾ എടുക്കാൻ പാടില്ല എന്ന വ്യവസ്ഥയുമുണ്ട്. ശാന്തമായ തെളിഞ്ഞ സമുദ്രഭാഗങ്ങൾ യാംബുവിൽ ആരെയും ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.