കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പ് ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിനുകൾ നൽകി തുടങ്ങി. വാക്സിൻ ലഭിക്കുന്നതിന് എല്ലാവരും 'സിഹ്വത്ത്' ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംഘട്ടത്തിൽ നിശ്ചിത വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും.
രാജ്യത്തെ എല്ലാ മേഖലകളിലും കോവിഡ് വാക്സിൻ രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സിഹ്വത്ത് ആപ്പിലൂടെ വാക്സിൻ കേന്ദ്രങ്ങളുടെ സ്ഥാനമറിയാനും ബുക്ക് ചെയ്യാനും സാധിക്കും. കഴിഞ്ഞ ഡിസംബർ 17 നാണ് സൗദിയിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തെ കൂടുതൽ മേഖലകളിൽ വ്യാഴാഴ്ച കോവിഡ് പ്രതിരോധ വാക്സിനേഷൻ സെൻററുകൾ ആരംഭിച്ചു. അൽഅഹ്സ, ജീസാൻ, അസീർ, ഹാഇൽ, ഖസീം തുടങ്ങിയ മേഖലയിലാണ് പുതുതായി കേന്ദ്രങ്ങൾ തുറന്നത്.
അൽഅഹ്സയിൽ വിമാനത്താവള റോഡിലെ നാഷനൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്താണ് ആരോഗ്യമന്ത്രാലയം ഇൗ മേഖലയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിന് വേണ്ട എല്ലാ അടിസ്ഥാന സേവനങ്ങളും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അൽ-അഹ്സ ഹെൽത്ത് ക്ലസ്റ്റർ അധികൃതർ വ്യക്തമാക്കി. ആരോഗ്യ മുൻകരുതൽ നടപടികൾ അനുസരിച്ച് ധാരാളംപേരെ സ്വീകരിക്കാൻ കഴിയുന്ന വിധത്തിലാണ് കേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത്. കേന്ദ്രത്തിൽ 96 ക്ലിനിക്കുകൾക്കുള്ള സൗകര്യമുണ്ട്. അടുത്തയാഴ്ച മൂന്നു കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിക്കും. ഇതോടെ, മൊത്തം ക്ലിനിക്കുകളുടെ എണ്ണം 200 വരെയെത്തും.
വിദഗ്ധരായ മെഡിക്കൽ സംഘത്തെയായിരിക്കും കേന്ദ്രം നിയന്ത്രിക്കുക. ആളുകൾക്ക് വേഗത്തിൽ എത്തിപ്പെടാൻ മേഖലയിലെ മറ്റു പട്ടണങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. ഹുഫൂഫിലെ കിങ് ഫൈസൽ ജനറൽ ആശുപത്രി, മുബ്റസിലെ അമീർ സഉൗദ് ബിൻ ജലവി ആശുപത്രി, ഇംറാൻ പട്ടണത്തിലെ അൽഇംറാൻ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി പ്രതിദിനം 10,000 ആളുകളെ സ്വീകരിക്കാൻ കഴിയും. ആരോഗ്യ സുരക്ഷക്കായി 'സിഹ്വത്ത്' ആപ് വഴി വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ പൗരന്മാരോടും രാജ്യത്തുള്ള വിദേശികളോടും ഹെൽത്ത് ക്ലസ് റ്റർ ആവശ്യപ്പെട്ടു.
സൗജന്യമായാണ് വാക്സിനേഷൻ നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ജീസാനിൽ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസ്വിർ കുത്തിവെപ്പെടുത്താണ് വാക്സിൻ സെൻററിെൻറ ഉദ്ഘാടനം നിർവഹിച്ചത്. അമീർ സുൽത്താൻ കൾച്ചറൽ സെൻററിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 12 ക്ലിനിക്കുകൾ കേന്ദ്രത്തിലുണ്ട്. കൂടാതെ അടിയന്തര ചികിത്സ, ഫാർമസി വിഭാഗവും കേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്.
ഹാഇലിൽ വിമൻസ് കോളജ് കോംപ്ലക്സിലെ കോൺഫറൻസ് സെൻററിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. അസീർ മേഖലയിലും വാക്സിനേഷൻ നൽകുന്നത് ഇന്നലെ ആരംഭിച്ചു. അബ്ഹയിലെ വാക്സിനേഷൻ സെൻററിൽ മേഖല ഗവർണർ അമീർ തുർക്കി ബിൻ തലാൻ ആദ്യ ഡോസ് എടുത്ത് ഉദ്ഘാടനം ചെയ്തു. ഖസീം മേഖലയിലും വാക്സിൻ നൽകൽ ആരംഭിച്ചു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ മിശ്അൽ ആദ്യഡോസ് എടുത്തു. ബുറൈദ പട്ടണത്തിലും ഉനൈസ, അൽറസ് മേഖലകളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.