മസ്ജിദുന്നബവിയിൽ വനിത സുരക്ഷാസേനയുടെ സേവനം ആരംഭിച്ചു
text_fieldsമദീന: മസ്ജിദുന്നബവിയിൽ എത്തുന്ന വനിതകൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി വനിത സുരക്ഷാസേനയെ നിശ്ചയിച്ചു.
പ്രത്യേക സുരക്ഷാസേനയുടെ ഭാഗമായി ആദ്യ ബാച്ചിൽ 99 വനിത ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മദീന പൊലീസ് ഡയറക്ടർ മേജർ ജനറൽ അബ്ദുൽ റഹ്മാൻ അൽ മഷാൻ പറഞ്ഞു.
മസ്ജിദുന്നബവിയിലെ പ്രവാചക റൗദയിലേക്കുള്ള സ്ത്രീകളുടെ സന്ദർശനം ക്രമത്തിലും ഫലപ്രദമായും നിയന്ത്രിക്കാനും പള്ളിയിൽ സ്ത്രീകൾക്കായുള്ള പ്രാർഥന സ്ഥലങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളും ഏറ്റവും മികച്ചരീതിയിൽ നടപ്പാക്കുന്നതിലും വനിത സുരക്ഷ ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഉയർന്ന തലത്തിൽ പ്രഫഷനലിസത്തോടെ തങ്ങളുടെ പുതിയ ചുമതലകൾ നിർവഹിക്കുന്നതിന് യോഗ്യത നേടുന്നതിനായി സുരക്ഷ, ഭരണ മേഖലകളിൽ ഇവർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും അൽ മഷാൻ പറഞ്ഞു.
മദീനയിലെത്തുന്ന വിശ്വാസികളെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വനിത സുരക്ഷ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള എല്ലാ ഏജൻസികളുടെയും പ്രവർത്തനങ്ങളും പരിശ്രമങ്ങളും മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ അവലോകനം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
റമദാനിലെ അവസാന 10 ദിവസത്തേക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി തങ്ങളുടെ പരിശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന് അമീർ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും അഭ്യർഥിച്ചു.
പ്രവാചക പള്ളിയുടെ പരിപാലന പ്രവർത്തനവും സന്ദർശകർക്ക് മസ്ജിദിലെ മുറ്റങ്ങളിലും ഇടനാഴികളിലുമായി നൽകുന്ന വിവിധ സേവനങ്ങളും അമീർ പരിശോധിച്ചു.
കോവിഡ് പ്രതിരോധ നടപടികളും പ്രോട്ടോകോളും നടപ്പാക്കുന്നതിൽ സുരക്ഷാസേന നടത്തിയ മഹത്തായ ശ്രമങ്ങളെ അമീർ ഫൈസൽ ബിൻ സൽമാൻ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.