ആർ.എസ്.എസിന്റെ കൂലിപ്പട്ടാളമായി എസ്.എഫ്.ഐ മാറി -ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
text_fieldsജിദ്ദ: ജനാധിപത്യ മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തിന്റെ നായകനായ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ, ആർ.എസ്.എസിന്റെ കൂലിപ്പട്ടാളമായി മാറിയെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു.
സാധാരണഗതിയിൽ വിദ്യാർഥി സംഘടനകൾ ഏറ്റെടുത്ത് സമരരംഗത്തിറങ്ങേണ്ട വിഷയമല്ലാതിരുന്നിട്ടും എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ, എം.പി ഓഫിസ് ലക്ഷ്യമാക്കി മാർച്ച് സംഘടിപ്പിക്കുകയും രാഷ്ട്രപിതാവിന്റെ ഫോട്ടോയടക്കം വലിച്ചെറിയുകയും ചെയ്തത് സംഘ്പരിവാറിന്റെയും നരേന്ദ്ര മോദിയുടെയും പ്രീതി സമ്പാദിക്കാനാണ്.
ഒരു ഭാഗത്ത് കേന്ദ്ര സർക്കാർ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ ദ്രോഹിക്കുന്ന നടപടികളുമായി നീങ്ങുന്നതും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനവും ദിവസങ്ങൾക്കുള്ളിൽ ഒരു അടിസ്ഥാനവുമില്ലാത്ത കാരണവും പറഞ്ഞ് പൊലീസിന്റെ ഒത്താശയോടെ മന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫംഗമുൾപ്പെടെയുള്ള എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘം നടത്തിയ ആക്രമണവും സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും ആസൂത്രിതമായ നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
ബഫർ സോണിന്റെ കാര്യത്തിൽ സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാന സർക്കാറിന് ആവശ്യമായ ഭേദഗതികൾ നിർദേശിക്കാമെന്നിരിക്കെ എസ്.എഫ്.ഐക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്കായിരുന്നുവെന്നും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റിവ് മേഖലയായി നിശ്ചയിച്ചത് 23 ഒക്ടോബർ 2019ലെ മന്ത്രിസഭ തീരുമാനമാണെന്ന കാര്യം മറച്ചുപിടിച്ചുള്ള എസ്.എഫ്.ഐ ആക്രമണത്തിന് വലിയ വില നൽകേണ്ടി വരുമെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. പ്രവാസി യു.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റി കൺവീനർ ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. മുൻ ഒ.ഐ.സി.സി നേതാവും മലപ്പുറം ജില്ല കോൺഗ്രസ് ന്യൂനപക്ഷ സെൽ ഉപാധ്യക്ഷനുമായ കെ.സി. അബ്ദുറഹ്മാൻ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, നൗഷാദ് ചാലിയാർ, ഇസ്മായിൽ കൂരിപ്പൊയിൽ, മജീദ് ചേറൂർ, മുഹമ്മദലി മങ്കട എന്നിവർ സംസാരിച്ചു. അലവി ഹാജി കാരിമുക്ക് സ്വാഗതവും ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.