സന്ദർശകരെ ആകർഷിച്ച് അൽബാഹയിലെ ശദ പർവത നിരകൾ
text_fieldsഅൽബാഹ: സൗദിയിലെ പ്രശസ്തമായ വിനോദ സഞ്ചാര മേഖലയിലൊന്നാണ് അൽബാഹയിലെ ശദ പർവത നിരകൾ.ഇവിടുത്തെ വിശാലമായ സാരവത് പർവതങ്ങളുടെ ഭാഗമായ ശദ മലനിരകൾ പലപ്പോഴും മൂടൽമഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന അപൂർവ കാഴ്ച സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഒരു ഘടകമാണ്. മനോഹരമായ സസ്യജാലങ്ങളുടെയും അപൂർവ മരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വേറിട്ട കാഴ്ചഭംഗിയാണ് ഈ മലഞ്ചെരുവുകളിൽ വർണാഭമായ ദൃശ്യം ഒരുക്കുന്നത്.
എപ്പോഴും മിതമായ കാലാവസ്ഥയും വേറിട്ട പ്രകൃതി ദൃശ്യങ്ങളും സന്ദർശകരെ ആകർഷിക്കുന്ന ഒരു ഘടകമാണ്. പഴക്കമേറിയ ഗുഹകളുടെ ചാരുതയേറിയ കാഴ്ചകൾ ഈ പർവതനിരയിലെ മറ്റൊരു മുഖ്യ ആകർഷകമാണ്.
മൂവായിരം വർഷങ്ങൾക്ക് മുമ്പുള്ള ആളുകൾ താമസിക്കാൻ ഇവിടുത്തെ വിശാലമായ ഈ ഗ്രാനൈറ്റ് ഗുഹകൾ ഉപയോഗപ്പെടുത്തിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അൽബാഹയിലെ വേറിട്ട ഈ ഗ്രാനൈറ്റ് ഗുഹകൾ പ്രസിദ്ധമാണ്. അൽമഖ്വ ഗവർണറേറ്റിലെ തിഹാമ എന്നപേരിൽ അറിയപ്പെടുന്ന പ്രദേശത്താണ് മൂവായിരം വർഷങ്ങൾ പഴക്കമുള്ള ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
പൂർവികരുടെ മനോഹരമായ കൊത്തുപണികളും സാബിയൻ സംസ്കാരങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങളും ലിഖിതങ്ങളും ഗുഹാമുഖങ്ങളിൽ കാണാം. ഇവിടുത്തെ ഗുഹകൾ പലതും സന്ദർശകർക്കുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി ഇപ്പോൾ പരിവർത്തിപ്പിച്ചിട്ടുണ്ട്.
സഞ്ചാരികൾക്ക് ഉല്ലാസത്തിനാവശ്യമായ സംവിധാനങ്ങൾ പലതും ഇവിടെ ടൂറിസം അതോറിറ്റി ഒരുക്കിയിട്ടുണ്ട്. അൽബാഹയിലെ ശദ പർവതനിരയിലെ ചിലഭാഗങ്ങൾ രാജ്യത്തെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ മേഖലയിൽ ഒന്നുകൂടിയാണ്.
അപൂർവ അറേബ്യൻ കടുവകൾ, ചെന്നായ്ക്കൾ, കഴുതപ്പുലികൾ, കാട്ടുപൂച്ചകൾ, കീരികൾ, കുറുക്കന്മാർ, മുള്ളൻപന്നികൾ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളും വൈവിധ്യമാർന്ന പക്ഷികളുടെയും മറ്റു ജീവികളുടെയും ആവാസ വ്യവസ്ഥക്ക് അനുകൂലമാണ് ഇവിടുത്തെ പ്രകൃതി വിഭവങ്ങൾ.
പ്രകൃതിസ്നേഹികളെ ഏറെ ആകർഷിക്കുന്ന പ്രദേശം സന്ദർശിക്കാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും ധാരാളം സന്ദർശകർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.