ജിദ്ദയിലെ കപ്പൽ കെട്ടിടം ഓർമയായി
text_fieldsജിദ്ദ: നിർമിതിയുടെ പ്രത്യേകതയും ഗരിമയും കാരണം ശ്രദ്ധേയമായ ജിദ്ദയിലെ കപ്പൽ കെട്ടിടം ഇനി ഒാർമ. 18 വർഷം പഴക്കമുള്ള കിങ് അബ്ദുൽ അസീസ് റോഡിൽ കപ്പൽ മാതൃകയിൽ നിർമിച്ച കെട്ടിടം ജിദ്ദ മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റി. കെട്ടിടം പൊളിച്ചുനീക്കുന്നതായി ജിദ്ദ മേയർ ട്വിറ്റർ ഹാൻഡിൽ വഴി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി നിയമലംഘനങ്ങൾ കെട്ടിട നിർമാണത്തിലുണ്ടായതും നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉടമ പരാജയപ്പെട്ടതുമാണ് കെട്ടിടം പൊളിച്ചുമാറ്റാൻ കാരണമായി പറയുന്നത്.
കെട്ടിടത്തിന് ആവശ്യമായ പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഉടമ പൂർത്തിയാക്കിയിട്ടില്ല. കെട്ടിടത്തിനാവശ്യമായ കാർ പാർക്കിങ് സൗകര്യമില്ല. കെട്ടിടത്തിെൻറ സുരക്ഷക്കാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇൗ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ മുനിസിപ്പൽ അധികൃതർ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഇൗ നടപടികളൊന്നും പൂർത്തിയാക്കിയില്ല. ഇതോടെയാണ് പൊളിച്ചുനീക്കുന്നതിലേക്ക് നടപടി നീങ്ങിയത്.
ഒന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടം പ്രാരംഭ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ഒരു റസ്റ്റാറൻറ് മാത്രമേ ഇൗ കെട്ടിടത്തിൽ പ്രവർത്തിച്ചുള്ളൂ. നിയമലംഘനത്തിന് അധികൃതർ കേസെടുത്തതിനെ തുടർന്ന് റസ്റ്റാറൻറ് നടത്തിപ്പുകാരൻ രാജ്യം വിട്ടതോടെ അതിനും ഷട്ടർ വീണു. ഇദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.