‘ഒറ്റക്കോ’ ചെറുസിനിമ പ്രകാശനം ചെയ്തു
text_fieldsറിയാദ്: പ്രവാസികൾ ഒരുക്കിയ ചെറുസിനിമ ‘ഒറ്റക്കോ’ പ്രകാശനം ചെയ്തു. ഡി ക്ലാപ്പ് മീഡിയയുടെ ബാനറിൽ ഗോപൻ കൊല്ലം സംവിധാനം ചെയ്ത സിനിമ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് യുട്യൂബിൽ പ്രകാശന കർമം നിർവഹിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലെ ആളുകൾ സംബന്ധിച്ചു. റിയാദിലും നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചെറുസിനിമ ആധുനിക സമൂഹത്തിലും രാത്രിയിൽ ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെയും മാനസിക സംഘർഷങ്ങളുടെയും നേർചിത്രമാണ് കാണിക്കുന്നത്.
അസമയത്ത് തനിയെ യാത്രാമധ്യേ അപകടത്തിൽപ്പെടുന്ന പെൺകുട്ടി, ആത്മവിശ്വാസവും സമയോചിതവുമായ പ്രതികരണശേഷിയും മൂലം സുരക്ഷിതയായി വീട്ടിൽ എത്തിച്ചേരുന്ന അതിശക്തമായ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവാസിയായ കോഴിക്കോട് ഒല്ലൂർ സ്വദേശി അനിൽകുമാറിന്റെയും രാജശ്രീയുടെയും മകളായ ബി.ബി.എ വിദ്യാർഥിനി ആതിര അനിൽ ആണ്. മറ്റു കഥാപാത്രങ്ങളായി സെലിൻ സാഗരയും ശ്രീരാജും കെ.ടി. നൗഷാദും അനില്‍ ഒല്ലൂരും വേഷമിട്ടു.
ആതിര ഗോപൻ നിർമിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോൾ സുധീർ കുമ്മിൾ, കാമറ കെ.ടി. നൗഷാദ്, കലാസംവിധാനം ഷൈജു ഷെൽസ്, മാർക്കറ്റിങ് ഷാജു ഷെരീഫ്, സോഷ്യൽ മീഡിയ പ്രമോഷൻ അനിൽ പിരപ്പൻകോട്, പി.ആർ.ഒ ജോജി കൊല്ലം എന്നിവർ നിർവഹിച്ചു. റിയാദിലെ ഡി മ്യൂസിക് ടീം ഗായകരുടെ ശ്രുതിമധുരമായ ഗാനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. ‘ഒറ്റക്കോ’ ചെറുസിനിമയുടെ ലിങ്ക് യുട്യൂബിൽ ലഭ്യമാണ്. https://youtu.be/oHcyjy0ogi4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.