ആകാശവാതിൽ തുറന്നു
text_fieldsറിയാദ്: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേസിെൻറ വിമാനം ജനുവരി 11ന് റിയാദിലേക്ക്. ഖത്തർ എയർവേസിെൻറ വെബ്സൈറ്റ് പ്രകാരം ദോഹയിൽനിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് 3.30നാണ് വിമാനം സൗദിയിൽ എത്തുക. ഖത്തർ വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആദ്യ വിമാനം കഴിഞ്ഞ വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്ക് പറന്നിരുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് റിയാദിലേക്ക് ഖത്തറിെൻറ വിമാനം ജനുവരി 11ന് പറക്കുന്നത്. ഈ വിമാനത്തിലേക്കുള്ള ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേസ് വിമാനങ്ങൾ വീണ്ടും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചു.
ആദ്യ വിമാനം വ്യാഴാഴ്ച രാത്രി സൗദിക്ക് മുകളിലൂടെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലേക്ക് പറന്നു. ഖത്തർ സമയം രാത്രി 8.45ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ക്യൂ.ആർ 1365 വിമാനം ജിദ്ദ നഗരത്തിന് മുകളിലൂടെ ആഫ്രിക്കയിലേക്ക് കടന്നു.
ആഫ്രിക്കൻ പ്രാദേശിക സമയം പുലർച്ച 4.35ന് ജൊഹാനസ് ബർഗ് വിമാനത്താവളത്തിലിറങ്ങി. തങ്ങളുടെ നിരവധി വിമാനങ്ങൾ സൗദി വ്യോമപാതയിലൂടെ വഴിതിരിച്ചുവിടുമെന്നും അതിനുള്ള ഷെഡ്യൂളുകൾ പൂർത്തിയായെന്നും ഖത്തർ എയർവേസ് അധികൃതർ ട്വീറ്റ് ചെയ്തു. 2017 ജൂണിൽ സൗദി അറേബ്യ, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായി അവസാനിപ്പിച്ച നയതന്ത്ര ബന്ധം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് പുനഃസ്ഥാപിച്ചത്. ഇൗ രാജ്യങ്ങളെല്ലാം കഴിഞ്ഞ മൂന്നര വർഷമായി കടൽ, കര, വ്യോമ അതിർത്തികൾ അടച്ച് ഖത്തറിന് പൂർണ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അൽഉല ഉച്ചകോടിയിൽ ഒപ്പുവെച്ച കരാർ പ്രകാരം ഇൗ രാജ്യങ്ങളെല്ലാം ഖത്തറുമായുള്ള ഉപരോധം അവസാനിപ്പിച്ചു.
ഇതോടെ ഖത്തറുമായി നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നടപടി സൗദി അറേബ്യ ത്വരിതപ്പെടുത്തി. ഉച്ചകോടിയുടെ തലേന്ന് രാത്രിയിൽതന്നെ ഇരു രാജ്യങ്ങളുടെയും കര, കടൽ, വ്യോമ അതിർത്തികൾ തുറക്കാൻ തീരുമാനിച്ചിരുന്നു. കര അതിർത്തിയായ സൽവയിലെ ചെക്പോയൻറ് തുറക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇവിടെ റോഡിന് കുറുകെ സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകൾ എടുത്തുമാറ്റി. കസ്റ്റംസ്, ഇമിഗ്രേഷൻ, ആരോഗ്യ വകുപ്പ് എന്നിവയുടെ ചെക്പോയൻറ് ഒാഫിസുകൾ പ്രവർത്തനസജ്ജമായി.
അതിർത്തി പൂർണമായും തുറന്ന് ഉടൻ ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി വ്യോമപാത ഉപയോഗിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഖത്തർ എയർവേസിെൻറ വിമാനങ്ങൾ സൗദി സർവിസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ഇരു ഭാഗത്തും തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ സൗദി വിമാനത്താവളങ്ങളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.