ഫലസ്തീൻ ലോകജനതയുടെ വേദന -റഷീദലി ശിഹാബ് തങ്ങൾ
text_fieldsമദീന: സയണിസ്റ്റ് ഭീകരരുടെ അക്രമത്തിനിരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതപൂർണമായ ജീവിതം ലോകജനതയുടെ വേദനയാണെന്ന് മുൻ വഖഫ് ബോർഡ് ചെയർമാനും മുസ്ലിംലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റുമായ റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കുടുംബസമേതം ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത ഭീകരവാദികളല്ല, തങ്ങളുടെ നാടിന്റെ വിമോചന പോരാളികളാണെന്നും ഫലസ്തീൻ ജനതക്കാവശ്യമായ വെള്ളവും വെളിച്ചവും പാർപ്പിടങ്ങളും ആശുപത്രികളും തകർത്ത് തരിപ്പണമാക്കി ഇസ്രായേൽ ഭീകര സയണിസ്റ്റ് ഭരണകൂടത്തിന്റെ കിരാതമായ അക്രമ തേർവാഴ്ചക്ക് മുമ്പിൽ പിടഞ്ഞ് മരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം മനുഷ്യ ജീവനുകൾക്ക് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകജനതയുടെ പിന്തുണയും പ്രാർഥനയുമുണ്ടാകണമെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോകരാജ്യങ്ങൾക്ക് മുമ്പിൽ വ്യക്തമായ നിലപാടുണ്ടായിരുന്ന ഇന്ത്യ ഏത് കാലത്തും ഫലസ്തീൻ ജനതക്കൊപ്പമായിരുന്നു. ഫലസ്തീൻ അറബികളുടെ രാജ്യമാണെന്ന് പറഞ്ഞ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയും ചേരി ചേരാ നയങ്ങളുടെ വ്യക്തമായ ഇന്ത്യയുടെ നിലപാടുകൾ പറഞ്ഞ നെഹ്റുവും ഇന്ദിരാഗാന്ധിയടക്കമുള്ള ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികളും ഉയർത്തിപ്പിടിച്ച നിലപാടുകളെല്ലാം എല്ലാ കാലവും ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. വർത്തമാനകാല ഇന്ത്യയുടെ സംഘ്പരിവാർ ഭരണാധികാരികൾ അധിനിവേശ ശക്തികളായ ഇസ്രായേലിനനുകൂലമായ നിലപാടെടുക്കുമ്പോൾ ഇന്ത്യരാജ്യം ഇത്രയും കാലം അനുവർത്തിച്ച് പോന്നിരുന്ന നയങ്ങൾക്കെതിരും ദുഃഖകരവുമാണെന്നും ജനാധിപത്യ ഇന്ത്യയിലെ ജനത ഈ നിലപാടുകൾക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദീനയിലെത്തിയ റഷീദലി തങ്ങളെ കെ.എം.സി.സി നേതാക്കളായ സൈദ് മൂന്നിയൂർ, സമദ് പട്ടനിൽ, ഗഫൂർ പട്ടാമ്പി, മഹബൂബ് കീഴ്പറമ്പ്, ഷംസു മലബാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.