സിറിയൻ വിദേശകാര്യ മന്ത്രി 12 വർഷത്തിനിടയിൽ ഇതാദ്യമായി സൗദിയിൽ
text_fieldsജിദ്ദ: സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്ദാദ് സൗദി അറേബ്യയിലെത്തി. 12 വർഷത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു മന്ത്രിതല സന്ദർശനം. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ക്ഷണിച്ചതിനെ തുടർന്നാണിത്. ബുധനാഴ്ച വൈകീട്ട് ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജി. വലിദ് ബിൻ അബ്ദുൽ കരീം അൽഖുറൈജി സ്വീകരിച്ചു.
2011-ൽ സിറിയയിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൗദിയുമായുള്ള മന്ത്രിതല ബന്ധം മുറിഞ്ഞത്. അതിന് ശേഷം ആദ്യമായാണ് അവിടെനിന്നൊരു വിദേശകാര്യ മന്ത്രി ഇവിടേക്ക് എത്തുന്നത്. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കുക ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്താൻ സൗദി വിദേശകാര്യ മന്ത്രി മുൻകൈയെടുത്ത് ഇങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പൊതുവിൽ ആശങ്കയുള്ള വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
സിറിയയുടെ ഐക്യവും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന വിധത്തിൽ ആഭ്യന്തര പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുക, സിറിയൻ അഭയാർഥികൾക്ക് അവരുടെ നാട്ടിലേക്കുള്ള മടക്കം എളുപ്പമാക്കുക, അവിടുത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായത്തിെൻറ ലഭ്യത ഉറപ്പാക്കുക എന്നീ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ് 19-ന് ജിദ്ദ ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടിക്ക് മുന്നോടിയായി അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകളുണ്ടാകാനും സാധ്യതയുണ്ട്.
ഇതിനിടെ സൗദി വിദേശകാര്യ മന്ത്രിയുമായി യു.എൻ സെക്രട്ടറി ജനറലിെൻറ സിറിയയിലെ പ്രത്യേക ദൂതൻ ഗീർ പെഡേഴ്സ് ഫോണിൽ സംസാരിച്ചു. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവിടെ യു.എൻ പ്രതിനിധി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. സിറിയയുടെ ഐക്യം, സുരക്ഷിതത്വം, സ്ഥിരത, അറബ് ബന്ധം എന്നിവ സംരക്ഷിക്കുകയും അതിലെ ജനങ്ങൾക്ക് നന്മയും വികസനവും കൈവരിക്കുകയും ചെയ്യുന്നവിധത്തിൽ സിറിയൻ പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളും നടത്താനുള്ള രാജ്യ താൽപ്പര്യം സൗദി വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.