റിയാദ് ബസ് സർവിസ് മൂന്നാം ഘട്ടത്തിന് തുടക്കം
text_fieldsറിയാദ്: സൗദി തലസ്ഥാനനഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവിസിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു.
ആസ്ഥാന നഗരത്തിന്റെ സാമ്പത്തികവും നാഗരികവുമായ പരിവർത്തനത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് റിയാദ് ബസ് സർവിസ് പദ്ധതിയെന്നും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതുഗതാഗത മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നും റോയൽ കമീഷൻ വ്യക്തമാക്കി.
മൂന്നാം ഘട്ടം നടപ്പായതോടെ സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം 565 ആയി ഉയർന്നു. ബസുകളോടുന്ന മൊത്തം റൂട്ടുകൾ 33 ആയി. പ്രധാന സ്റ്റേഷനുകളുടെയും ബസ് സ്റ്റോപ്പുകളുടെയും എണ്ണം 1611ലധികമായി. നഗരത്തിനുള്ളിലെ സർവിസ് ശൃംഖലകളുടെ ആകെ ദൂരം 1284ഉം ആയി.
ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവിസ് ആദ്യഘട്ടത്തിന് തുടക്കംകുറിച്ചത്. തുടർന്ന് രണ്ടാം ഘട്ടവും നടപ്പായി. ഈ ആറ് മാസം 40 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്തു. ഏകദേശം 4,35,000 ട്രിപ്പുകൾ നടത്തി. ഈ വർഷം അവസാനിക്കും മുമ്പ് അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി നടപ്പാക്കി റിയാദ് ബസ് സർവിസ് ശൃംഖല പൂർണമാക്കുമെന്നും റോയൽ കമീഷൻ പറഞ്ഞു.
യാത്രക്കാർക്ക് സവിശേഷമായ ഗതാഗത അനുഭവം നൽകാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും നഗരത്തിലുടനീളം യാത്രക്കാരെ കൃത്യതയോടും സുരക്ഷിതത്വത്തോടും സൗകര്യത്തോടും കൂടി കൊണ്ടുപോകാനും കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്താനുമാണ് ബസ് സർവിസുകളിലൂടെ ലക്ഷ്യമിടുന്നത്. ‘riyadh buses’ എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ ബസ് സർവിസ് സംബന്ധിച്ച സേവനങ്ങൾ ലഭിക്കും.
റൂട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന ഇൻററാക്ടീവ് മാപ്പ്, ടിക്കറ്റ് വാങ്ങാൻ സഹായിക്കുന്ന ടിക്കറ്റിങ് സർവിസ് എന്നിവയാണ് പ്രധാന സേവനങ്ങൾ. ആപ്ലിക്കേഷനിലെ ടിക്കറ്റെടുക്കാനുള്ള സൗകര്യത്തിന് പുറമെ ബസ് സ്റ്റേഷനുകളിലെയും ബസ് സ്റ്റോപ്പുകളിലെയും കിയോസ്കുകളിൽനിന്ന് യാത്രക്കുള്ള ‘ദർബ് കാർഡ്’ പണമടച്ച് എടുക്കാൻ കഴിയും.
വ്യത്യസ്ത നിരക്കുകൾ ഉൾപ്പെടുന്ന ടിക്കറ്റുകൾ വാങ്ങുന്നതിന് ഒന്നിലധികം ഓപ്ഷനുകളുണ്ട്. രണ്ട് മണിക്കൂർ ടിക്കറ്റിന് നാല് റിയാൽ, മൂന്ന് ദിവസത്തെ ടിക്കറ്റിന് 20 റിയാൽ, ഏഴ് ദിവസത്തെ ടിക്കറ്റിന് 40 റിയാൽ, 30 ദിവസത്തെ ടിക്കറ്റിന് 140 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. നാല് റിയാലിന് ടിക്കറ്റെടുത്ത് കഴിഞ്ഞാൽ രണ്ട് മണിക്കൂർ വരെ ഏത് ബസിലും എത്ര തവണയും മാറിമാറി കയറി യാത്ര ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.