ഗൾഫ് മാധ്യമം ഒരുക്കുന്നു; കളിയാവേശത്തിന്റെ പുതുഗാഥയുമായി ‘അറേബ്യൻ വോളി’
text_fieldsറിയാദ്: പ്രവാസത്തിലെ വോളിബാൾ പ്രേമികൾക്ക് കളിയാവേശത്തിന്റെ പുതുഗാഥയുമായി ടൂർണമെൻറ് ഒരുങ്ങുന്നു. രണ്ട് വനിത ടീമുകളടക്കം 10 പ്രഫഷനൽ ടീമുകൾ അണിനിരക്കുന്ന ഏകദിന വോളിബാൾ ടൂർണമെൻറ് റിയാദ് അൽ റയ്യാനിലുള്ള തർബിയ്യ ഇൻഡോർ സ്റ്റേഡിയത്തിൽ ഈ മാസം 17ന് ഉച്ചക്ക് ഒന്നു മുതൽ ആരംഭിക്കും.
‘ഗൾഫ് മാധ്യമം’ അറബ്കോയുമായി സഹകരിച്ചാണ് അൽജസീറ എയർവേസ് ‘അറേബ്യൻ വോളി’ കായിക മാമാങ്കത്തിന് മുൻകൈ എടുക്കുന്നത്.
വിജയിക്കുന്ന പുരുഷ ടീമിന് 5000 റിയാലും റണ്ണേഴ്സിന് 2000 റിയാലും പ്രൈസ് മണിയായി ലഭിക്കും. വനിത ടീം വിജയികൾക്ക് 2000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 1000 റിയാലും സമ്മാനത്തുകയായി നൽകും. കൂടാതെ ജേതാക്കൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിക്കും. റിയാദ്, ദമ്മാം മേഖലയിലെ പ്രമുഖ ക്ലബുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. സൗദി, ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാരാണ് ടീമുകളിൽ അണിനിരക്കുക.
സിഗ്മ ജുബൈൽ, കാസ്ക് ദമ്മാം, കർണാടക സ്ട്രൈക്കേഴ്സ് ദമ്മാം, സ്റ്റാർ റിയാദ്, അറബ്കോ റിയാദ്, ഷക്കറാക്കർ റിയാദ്, അൽഹംറ റിയാദ്, ടീം ഫിലിപ്പീൻസ് കിനോസ് തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
സൗദിയിലെ പ്രധാന കായികമേഖല ഫുട്ബാളാണെങ്കിലും വോളിബാളിനും പ്രിയമേറി വരുന്നുണ്ട്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഒരു ജനപ്രിയ ഇനവും മലബാറിലെ ഇഷ്ടവിനോദങ്ങളിലൊന്നുമാണ് വോളിബാൾ. വേഗതയുടെയും കൃത്യതയുടെയും പോരാട്ടവീര്യത്തിന്റെയും ഒരു കായികരൂപം കൂടിയാണ് വോളിബാൾ.
വാനിലുയർന്നുള്ള സ്പൈക്കുകൾ, വന്മതിലുയർത്തിയുള്ള പ്രതിരോധങ്ങൾ, എതിരാളിയെ കബളിപ്പിക്കുന്ന പ്ലെയ്സുകൾ ഒപ്പം ഗാലറിയിൽ നിന്നുയരുന്ന ആരവങ്ങൾ എല്ലാം ചേർന്ന ത്രസിപ്പിക്കുന്ന വോളിബാൾ മത്സരങ്ങൾ ഏതൊരു മലയാളിയുടെയും എക്കാലത്തെയും ആവേശങ്ങളിലൊന്നാണ്. ആ ആരവവും ആവേശവും എല്ലാനിലക്കും റിയാദ് തർബിയ്യ ഇൻഡോർ സ്റ്റേഡിയത്തിൽ ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.