താമസരേഖയില്ലാത്തതിനാൽ യാത്രാതടസ്സം: വരൻ നാട്ടിലെത്തിയത് മനസ്സമ്മതത്തിന്റെ നേരത്ത്
text_fieldsദമ്മാം: താമസരേഖയില്ലാതെ (ഇഖാമ) സൗദിയിൽ നിയമക്കുരുക്കിലായ പ്രതിശ്രുത വരന് പ്രതിബന്ധങ്ങൾ മറികടന്ന് നാട്ടിലെത്താനായത് മനസമ്മതച്ചടങ്ങിന് ഏതാനും സമയം മുമ്പ് മാത്രം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ലിബിൻ ജോൺസനാണ് പ്രതിശ്രുത വധു പ്രജിനയുടെയും ബന്ധുക്കളുടെയും പ്രാർഥനകൾ ക്കൊടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിയത്.
ലിബിൻ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ച് മനസ്സമ്മതം തീരുമാനിക്കുകയും ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടു വർഷമായി ഇഖാമപോലുമില്ലാതിരുന്ന ലിബിന്റെ യാത്ര നിയമക്കുരുക്കിൽ കുടുങ്ങി തടസ്സപ്പെടുകയായിരുന്നു. 2019ൽ കോവിഡ് പ്രതിസന്ധിക്ക് രണ്ടു മാസം മുമ്പാണ് റിയാദിലെ സൗദി പൗരന്റെ പേരിലുള്ള വിസയിൽ ഇലക്ട്രീഷ്യനായി എത്തിയത്. കോവിഡ് കാരണം ലിബിന്റെ ഇഖാമ എടുക്കാനോ രേഖകൾ നിയമവിധേയമാക്കാനോ സ്ഥാപന ഉടമക്ക് കഴിഞ്ഞില്ല. രണ്ടു വർഷം പൂർത്തിയാകുന്നതോടെ നാട്ടിൽ വിടാമെന്ന സ്ഥാപന ഉടമയുടെ വാക്ക് വിശ്വസിച്ച ലിബിൻ നാട്ടിലെ വിവാഹാലോചനക്ക് സമ്മതം മൂളി. എന്നാൽ, സമയമായപ്പോൾ സ്ഥാപന ഉടമ കൈമലർത്തി.
പിന്നീടാണ് ബന്ധുകൂടിയായ ടൈറ്റസിന്റെ സഹായത്താൽ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിനെ സമീപിക്കുന്നത്.
പുതിയ നിയമപ്രകാരം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും എംബസി പ്രതിനിധി ആഷിഖിന്റെ സഹായത്താൽ എക്സിറ്റ് നേടുകയുമായിരുന്നു. ഡിസംബർ 27നാണ് ലിബിന്റെയും പ്രജിനയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിസംബർ 26ന് ഉച്ചക്ക് ഒന്നോടെയാണ് ലിബിന്റെ എക്സിറ്റ് വിസ ലഭിച്ചത്. ഉടൻതന്നെ ലഭ്യമായ ഫ്ലൈ ദുബൈ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര അയക്കുകയായിരുന്നു.
പുലർച്ചെ നാലിന് കൊച്ചിയിലെത്തിയ ലിബിനെ ബന്ധുക്കൾ രാവിലെ 10ഓടെ കോഴിക്കോടുള്ള വീട്ടിലെത്തിച്ചു. രാവിലെ 11നാണ് മനസ്സമ്മതം തീരുമാനിച്ചിരുന്നത്.
ലിബിൻ വീട്ടിലെത്തുന്നതുവരെ ആശങ്കയുടെ മുൾമുനയിലായിരുന്നു ബന്ധുക്കൾ. കടന്ന് നാട്ടിലെത്താൻ സാധിച്ചതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് ലിബിൻ. തന്നെ സഹായിച്ച നാസ് വക്കം, എംബസി പ്രതിനിധി ആഷിഖ്, ഒപ്പം നിന്ന സുഹൃത്തുക്കൾ എന്നിവരോടുള്ള നന്ദി പറയുകയാണ് ലിബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.