'മിസ്‌ക് ഗ്ലോബൽ ഫോറം-2022'ദ്വിദിന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsറിയാദ്: ആഗോള തലത്തിൽ പുതുതലമുറയുടെ പരിവർത്തനം അജണ്ടയാക്കിയ 'മിസ്‌ക് ഗ്ലോബൽ ഫോറം-2022'ദ്വിദിന ചർച്ചസമ്മേളനം ബുധനാഴ്ച തുടങ്ങും. 'തലമുറയുടെ പരിവർത്തനം'എന്ന തലവാചകത്തിൽ റിയാദ് കിങ് അബ്ദുൽ അസീസ് കോൺഫറൻസ് സെന്ററിൽ ആരംഭിക്കുന്ന സമ്മേളനം വ്യാഴാഴ്ച വൈകീട്ടു വരെ നീളും. 2016ൽ മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന് കീഴിൽ 'മിസ്‌ക് ഫോറം'ആരംഭിച്ചതിനുശേഷമുള്ള വലിയ സമ്മേളനമാണ് ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യത്യസ്ത രംഗങ്ങളിൽ നൈപുണ്യമുള്ള ചെറുകിട, വൻകിട സംരംഭകർ, സർഗാത്മകത തെളിയിച്ചവർ, കണ്ടെത്തൽ നടത്തിയവർ, ഐ.ടി പ്രഫഷനലുകൾ, പ്രസംഗകർ തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രതിഭകൾ ഫോറത്തിൽ സംഗമിക്കും. വ്യവസായിക രംഗത്തും സാങ്കേതികവിദ്യയിലും അനുദിനം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് ചർച്ചചെയ്യുന്ന 120ലേറെ സെഷനുകൾ സമ്മേളനത്തിലുണ്ട്. വിദഗ്‌ധോപദേശകരുടെ പ്രത്യേക സെമിനാറുകളും ഫോറത്തിന്റെ ഭാഗമായുണ്ട്.
ഹെൽത്ത് ആൻഡ് വെൽനസ് പോഡ്കാസ്റ്റർ ജയ് ഷെട്ടി, മോഡലും ആക്ടിവിസ്റ്റുമായ ഹലീമ ഏദൻ, സ്റ്റാൻഡ്അപ് കൊമേഡിയനും ചലച്ചിത്ര നിർമാതാവുമായ മോ അമർ, പ്രഫഷനൽ ടെന്നിസ് താരം ഓൻസ് ജബീർ, കുവൈത്ത് ആസ്ഥാനമായ ഫ്ലവർ ആൻഡ് ഗിഫ്റ്റ് ഡെലിവറി സർവിസ് േഫ്ലാവാർഡിന്റെ ചെയർമാനും സി.ഇ.ഒയുമായ അബ്ദുൽ അസീസ് അൽലൗഖാനി, ഡീപ് സ്പേസ് ഇനീഷ്യേറ്റിവിന്റെ സ്ഥാപകയും ബഹിരാകാശത്തെത്തിയ ആദ്യത്തെ അറബ് വനിതയുമായ സാറ സബ്രി തുടങ്ങി ശ്രദ്ധേയരായ നിരവധി പേർ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്യും.
ബുധനാഴ്ച രാവിലെ 10.30ന് സൗദി ഗായിക തംതാമിന്റെ തത്സമയ സംഗീതക്കച്ചേരിയോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് മുതിർന്ന അവതാരക സാറാ മുറാദിന്റെയും മിസ്ക് ഫൗണ്ടേഷൻ സി.ഇ.ഒ ബദർ അൽബദറിന്റെയും നേതൃത്വത്തിൽ 'തലമുറയുടെ പരിവർത്തനം'എന്ന ശീർഷകത്തിലുള്ള ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. 40,000ത്തിലധികം പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
2011ലാണ് മിസ്‌ക് ഫൗണ്ടേഷൻ സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള, വ്യവസായ മേഖലകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും യുവതലമുറക്ക് ബിസിനസ്, സാഹിത്യം, സംസ്കാരം, ശാസ്ത്ര സാങ്കേതിക മേഖല എന്നിവയിലൂടെ സാമൂഹിക വികസനത്തിനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.