സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു
text_fieldsയാംബു: സൗദി അറേബ്യയിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ട്. 2019 മുതൽ 2023 വരെ 3,60,000 സൗദി പൗരർ പുതുതായി തൊഴിലുകളിൽ പ്രവേശിച്ചതായി മാനവവിഭവശേഷി വികസന മന്ത്രാലയം തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 2019ൽ 17 ലക്ഷമായിരുന്നത് ഈ വർഷം 23 ലക്ഷമായി ഉയർന്നു.
മന്ത്രാലയത്തിെൻറ ‘ലേബർ മാർക്കറ്റ് ബുള്ളറ്റിൻ’ വെളിപ്പെടുത്തുന്ന കണക്കുകൾ പ്രകാരം 3,60,000 നവാഗതരാണ് ഈ കാലയളവിൽ ജോലികളിൽ പ്രവേശിച്ചത്. ഇത് സ്വദേശി പൗരരിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ കുറയാൻ സഹായിച്ചു. 2023െൻറ രണ്ടാം പാദത്തിൽ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായാണ് കുറഞ്ഞത്. തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണത്തിലെ വളർച്ചക്ക് കാരണം രാജ്യത്തെ പ്രധാന പരിഷ്കാരങ്ങളും തൊഴിൽരംഗത്തെ പുതിയ നിയമന വ്യവസ്ഥകളുമാണ്.
ആഗോള വിപണികളിലെ തൊഴിലാളികളുടെ കഴിവുകൾക്കും മത്സരക്ഷമതക്കും അനുസൃതമായി രാജ്യത്തെ തൊഴിൽമേഖല ആകർഷകമാക്കാൻ മന്ത്രാലയം ശ്രമങ്ങൾ നടത്തി. തൊഴിൽരംഗത്തെ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വികസനപദ്ധതിയായ ‘വിഷൻ 2030’ലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആക്കം കൂട്ടിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
4.9 ശതമാനം വളർച്ച നിരക്കോടെ 2022ലെ തൊഴിലാളികളുടെ ഉൽപാദന വളർച്ച നിരക്കിൽ ജി 20 രാജ്യങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.7 ശതമാനമായി കുറക്കുന്നതിനും പുതിയ ശ്രമങ്ങൾ വഴിവെച്ചു.
തൊഴിൽരംഗത്തെ സ്ത്രീശാക്തീകരണം, സൗദിവത്കരണം, നൈപുണ്യവർധന, പരിശീലനം, മേൽനോട്ടം, തൊഴിൽ അന്തരീക്ഷം വികസിപ്പിക്കൽ തുടങ്ങിയ മേഖലകൾ കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രാലയം ബഹുമുഖ പദ്ധതികൾ നടപ്പാക്കിയത് ഏറെ ഫലം കണ്ടു. 2026 ഓടെ ആഗോള പ്രതിഭ സൂചികയിൽ രാജ്യത്തിന്റെ റാങ്കിങ് 30ൽനിന്ന് 20ലേക്ക് ഉയർത്തുന്നതിനുള്ള ദേശീയ നൈപുണ്യ തന്ത്രവും മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കിയതും വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി.
സ്വദേശി യുവതീയുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് 126 തൊഴിലുകളിലായി സ്വകാര്യ മേഖലയിലെ 3,22,000 സൗദി ജീവനക്കാരെ പരിശീലിപ്പിക്കാൻ മന്ത്രാലയം വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. സൗദി ഉദ്യോഗാർഥിക്ക് പരിശീലനം നൽകുന്നതിന് സ്വകാര്യ മേഖലയെ പ്രചോദിപ്പിക്കുന്നതിനായി 14 ദേശീയ കമ്പനികളുടെ സഹകരണത്തോടെ ‘വാദ്’ എന്ന പേരിൽ ദേശീയ പരിശീലന കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
1,93,000ൽ അധികം പേർക്ക് ഇത് പ്രയോജനപ്പെടും. 2025 ഓടെ 11,55,000 ലക്ഷം പേർക്ക് പരിശീലനം നൽകാൻ കാമ്പയിൻ ലക്ഷ്യം വെക്കുന്നു. കാമ്പയിന്റെ ഭാഗമായി ഇതുവരെ 62,254 യുവതികൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകിയതായും ഇതുവഴി മന്ത്രാലയം ലക്ഷ്യം വെച്ചതിന്റെ 62 ശതമാനം കൈവരിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.