പ്രകൃതി വൈവിധ്യത്തിെൻറ വശ്യത: വേനൽക്കാല സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് അൽഅഹ്സ
text_fieldsദമ്മാ: സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച സൗദി വേനൽ ഉത്സവത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആഘർഷിച്ച് കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ താഴ്വര. ലോകത്തിലെ ഏറ്റവും വലിയ ഇൗന്തപ്പഴ താഴ്വരയും പൈതൃകവും സംസ്കാരവും സമന്വയിക്കുന്ന ശിലാഗുഹകളും പച്ചപ്പും അരുവികളും സമന്വയിക്കുന്ന പ്രകൃതിയുടെ വരദാനമാണ് ഈ പ്രദേശം. ചുട്ടുപ്പഴുത്ത വേനൽക്കാലത്ത് പ്രകൃതിയുടെ തണുപ്പും തലോടലും അനുഭവിക്കാനാണ് സന്ദർശകർ അൽഅഹ്സയുടെ ഗ്രാമ വീഥികളിലേക്ക് എത്തുന്നത്.
ഇൗന്തപ്പനയുടെ നിഴൽ എന്നതിൽ നിന്നാണ് അൽഅഹ്സ എന്ന പേര് തന്നെ രൂപപ്പെട്ടത്. മരുഭൂമിയുടെ ഊഷരതക്കപ്പുറം അരുവികളുടെ കുളിരും പച്ചപ്പിെൻറ ഉർവരതയും നിലനിൽക്കുന്ന ഇടമാണ് അൽഅഹ്സ. കോവിഡ് കാല വിലക്കുകളിൽ കുടുങ്ങി വിദേശ യാത്ര നടത്താൻ കഴിയാത്തതിനാൽ നിരവധി സ്വദേശികളാണ് സൗദി ടൂറിസം വകുപ്പ് പ്രഖ്യാപിച്ച വേനൽക്കാല സന്ദർശന പരിപാടികളുടെ ഭാഗമാകുന്നത്. സൗദിയുടെ മറ്റ് ദിക്കുകളിൽ നിന്ന് കിഴക്കൻ മേഖലയിൽ എത്തുന്നവരെയെല്ലാം അൽഅഹ്സ മോഹിപ്പിക്കുകയാെണന്ന് ടൂറിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
വിദേശയാത്രകളിൽ മാത്രം സന്തോഷം കണ്ടെത്തിയിരുന്ന പലരും സൗദിയുടെ യഥാർഥ സൗന്ദര്യം കണ്ട് അത്ഭുതപ്പെടുകയാണ്. അൽഅഹ്സയും അബഹയും ഒരു പോലെ വ്യത്യസ്ത അനുഭവങ്ങൾ പകരുന്നുവെന്നാണ് സന്ദർശകരുടെ അഭിപ്രായം.
മരുപ്പച്ചകളുടെ ഭംഗി, ഈന്തപ്പനകൾക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞരുവികൾ, ജബൽ അൽ-ഗാറ ഗുഹകളുടെ രഹസ്യങ്ങൾ, മനോഹരമായ ബോട്ടിക് ഹോട്ടലുകൾ എന്നിവ അൽഅഹ്സയുടെ സൗന്ദര്യം ഏറ്റുകയാണ്. രാജ്യത്തിലെ മറ്റെവിടെയും പോലെ, പ്രദേശവാസികളായ ഹസാവികളും തങ്ങളുടെ ദേശങ്ങളിലൂടെ കടന്നുപോകുന്ന സന്ദർശകരെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും സൽക്കാരങ്ങൾക്ക് ക്ഷണിക്കുകയും അവർക്കാവശ്യമുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നത് ടൂറിസ്റ്റുകളെ ഏറെ സന്തോഷിപ്പിക്കുന്നു.
സൗദിയുടെ പാരമ്പര്യം പേറുന്ന ലോകത്തിലെ തന്നെ ഏറ്റവും ഔഷധഗുണവും വിലയുമുള്ള ഹസാവി അരി കൃഷി ചെയ്യുന്നതും അൽഅഹ്സയിലാണ്. ഹസാവി അരികൾ കൊണ്ടുണ്ടാക്കുന്ന 'കഫ്സ' ചോറ് അറബികളുടെ ഇടയിൽ ഏറെ പേരു കേട്ടതാണ്. എളിമയും ശാന്തതയുമുള്ള ഒരു സമൂഹത്തെ നൂറ്റാണ്ടുകളായി വളർത്തിയെടുത്ത കഥകളാണ് അൽഅഹ്സയുടെ ഓരോ മൺതരികൾക്കും പറയാനുള്ളത്.
'ഞങ്ങളുടെ വേനൽക്കാലം, നിങ്ങളുടെ മാനസികാവസ്ഥ' എന്ന മുദ്രാവാക്യമുയർത്തി 'സൗദി അറേബ്യ സ്പിരിറ്റ്' പോർട്ടലിലൂടെ സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച 'സൗദി സമ്മർ 2021' എന്ന വേനൽക്കാല ആഘോഷ പരിപാടികൾക്ക് വേദികളാകുന്ന 11 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അൽഅഹ്സ. ജൂൺ 24ന് ആരംഭിച്ച പരിപാടി സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. സ്വകാര്യമേഖലയിൽ നിന്നുള്ള 250 ലധികം പങ്കാളികളുമായി സഹകരിച്ച് 500 ലധികം കേന്ദ്രങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.