ഇന്ത്യയുടെ പുരോഗതിക്ക് പിന്നാക്ക െഎക്യം ശക്തിപ്പെടണം –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഅബഹ: ഭരണകൂടവും ഫാഷിസ്റ്റ് ശക്തികളും ചേർന്ന് നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാൻ ദലിത്, മുസ്‌ലിം, പിന്നാക്ക ഐക്യത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്നും കാലപ്പഴക്കം ചെന്ന മൂല്യ ശൂന്യ രാഷ്ട്രീയ പാർട്ടികളെ ജനം തിരസ്കരിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡൻറ് അഷ്റഫ് മൊറയൂർ അഭിപ്രായപ്പെട്ടു.
ഫോറം അസീർ മേഖല സംഘടിപ്പിച്ച നേതൃസംഗമം ഖമീസ് മുശൈത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ പ്രതീക്ഷയർപ്പിച്ച കോൺഗ്രസ് പാർട്ടി തൊണ്ണൂറുകളുടെ ആദ്യം തൊട്ടു തുടങ്ങിയ അവരുടെ താഴോട്ടുള്ള വളർച്ചയിൽ ശക്തി തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദുത്വ പ്രീണനം കൊണ്ടും അധികാരക്കൊതി കൊണ്ടും കേവലം നോട്ടുകെട്ടുകൾക്കു വേണ്ടിയും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് നേതാക്കൾ ഉൾപ്പെടെയുള്ളവർ ചേക്കേറിക്കഴിഞ്ഞു.
ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം സാന്നിധ്യമുള്ള ഇടതുപക്ഷമാവട്ടെ ദലിത്, മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളുടെ ശത്രുക്കളാവാൻ ആർ.എസ്.എസുമായി മത്സരിക്കുകയാണ്. കേരളത്തിൽ അവർ നടത്തുന്ന സംവരണ അട്ടിമറിയും സാമുദായിക ധ്രുവീകരണവും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.
ഖമീസ് മുശൈത്ത് തേജസ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഗമത്തിൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ജീസാൻ, അബൂ അരീഷ്, ദർബ്, മഹായിൽ, അബഹ, ഖമീസ് മുശൈത്ത്, ബീഷ, നജ്റാൻ, വാദി ദവാസിർ എന്നീ മേഖലകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.
മുഹമ്മദലി എടക്കര, റിഷാദ് പരപ്പനങ്ങാടി, ഇല്യാസ് എടക്കുന്നം, മുനീർ ചക്കുവള്ളി, നജ്മുദ്ദീൻ തിരുവനന്തപുരം, അസ്ലം ഫറോക്ക്, മുബാറക് അരീക്കോട് എന്നിവർ സംസാരിച്ചു. ഹനീഫ് മഞ്ചേശ്വരം സ്വാഗതവും അബൂ ഹനീഫ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.