നവീകരണം പൂർത്തിയാക്കി അൽഉല സന്ദർശകർക്കായി തുറന്നുകൊടുത്തു
text_fieldsയാംബു: സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽഉല മൂന്നുവർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കുശേഷം സന്ദർശകർക്ക് തുറന്നുകൊടുത്തു. ചരിത്രം ഉറങ്ങുന്ന അൽഉലയിലെ കേന്ദ്രങ്ങളുടെ നവീകരണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. പുരാവസ്തു മേഖലയുടെ ബഹുമുഖമായ വികസനത്തിന് അൽഉല റോയൽ കമീഷൻ നേരേത്ത തന്നെ വമ്പിച്ച ആസൂത്രണ പദ്ധതികൾ ഒരുക്കിയിരുന്നു.
ടൂറിസം മേഖലയിൽ കുതിപ്പിനൊരുങ്ങുന്ന സൗദി വിവിധ പദ്ധതികളാണ് ഇവിടെ പൂർത്തിയാക്കിയത്. ഏറ്റവും വലിയ ലിവിങ് മ്യൂസിയമാക്കാനുള്ള തയാറെടുപ്പും ഇവിടെ പൂർത്തിയായിവരുന്നു. രാജ്യത്ത് സാമ്പത്തിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകുന്ന കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരെൻറ പ്രത്യേക മേൽനോട്ടം ഇതിനുണ്ട്.
മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് ഭരണകൂടം നൽകുന്ന പരിഗണന ഏറെയാണ്. രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം 10 ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് അൽഉലയിൽ അധികൃതർ നടപ്പാക്കിവരുന്നത്.
എല്ലാ ദിവസവും സന്ദർശകർക്ക് പുരാതന നഗരിയിലെ ചരിത്ര കൗതുകങ്ങൾ കാണാനും ഉല്ലാസദായകമായി അവ ആസ്വദിക്കാനുമുള്ള സമ്പൂർണ ടൂറിസം കേന്ദ്രമായാണ് അൽഉലയെ ഇപ്പോൾ പരിവർത്തിപ്പിച്ചിട്ടുള്ളത്. ഭക്ഷണശാലകൾ, സ്റ്റാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, വിവിധ പവിലിയനുകൾ, വിശ്രമ കൂടാരങ്ങൾ, പള്ളി തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പാരിസ്ഥിതിക നാശങ്ങൾക്ക് വിധേയമായി പുരാതന നഗരിയിൽ പൗരാണിക ശേഷിപ്പുകളിൽ പലതും തകരുന്ന പശ്ചാത്തലത്തിലായിരുന്നു 2017ൽ സന്ദർശകരുടെ പ്രവേശനം ഒഴിവാക്കി പുനരുദ്ധരിക്കാൻ അധികൃതർ തീരുമാനിച്ചത്.
മരുഭൂമിയിൽ വിവിധ വിനോദ പരിപാടികളുമായി 'തൻതൂറ ഫെസ്റ്റിവൽ' നടക്കുന്നതും അൽഉലയിലാണ്. അൽഹിജ്ർ പ്രദേശം കൂടാതെ ദാദാൻ, അക്മ പർവതം എന്നിവയും സന്ദർശകരെ മാടിവിളിക്കുന്നു. 2035ഓടെ രണ്ടു ദശലക്ഷം വിനോദ സഞ്ചാരികളെയാണ് സൗദി ഭരണകൂടം അൽഉലയിൽ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സമ്പൂർണ പരിവർത്തന പദ്ധതിയായ വിഷൻ 2030ലെ സുപ്രധാന പദ്ധതികളിലൊന്നാണ് ഇവിടെ പൂർത്തിയായിവരുന്നത്.
സൗദിയിലെ വിശാലമായ പ്രാചീന നഗരിയിലൊന്നാണ് അൽഉല നഗരം. സമൃദ്ധമായ ജലവും വളക്കൂറുള്ള കൃഷിഭൂമിയും ദൈവം കനിഞ്ഞരുളിയ ഈ പ്രദേശം മദീന പ്രവിശ്യയിലെ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പ്രവാചകൻ മുഹമ്മദിെൻറ നഗരിയായി അറിയപ്പെടുന്ന മദീനയിൽനിന്ന് ഇവിടേക്ക് 400 കിലോമീറ്റർ ദൂരമുണ്ട്. പുരാതന കാലത്ത് ശുദ്ധജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾ ഇവിടെ ഉണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു.
ഈ അരുവികളുടെ ഓരങ്ങളിൽ ഉയരംകൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവത്രെ. ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്ന അർഥം കിട്ടുന്ന 'അൽഉല' എന്ന നാമം ഈ പ്രദേശത്തിന് ലഭിച്ചതെന്ന് അറബ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. നഗരിയിലേക്ക് കടക്കുമ്പോൾ തന്നെ തലയെടുപ്പുള്ള പാറകളുടെ രൂപഭാവങ്ങളും വർണാഭമായ ചാരുതയും സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുക. പ്രകൃതിയൊരുക്കിയ ശിൽപഭംഗിയും ചുവന്ന കുന്നുകളുടെ അത്ഭുതകരമായ രൂപഭാവങ്ങളും നയനാനന്ദകരമായ ദൃശ്യവിരുന്നൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.