ജനവിധി പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരാകും
text_fieldsപ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നിർണായകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന തെരഞ്ഞെടുപ്പാണ് വിളിപ്പാടകലെ എത്തിനിൽക്കുന്നത്.പ്രവാസികളോട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ മുന്നണിയുടെയും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പിണറായി സർക്കാറിെൻറയും പ്രവാസി, ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. കഴിഞ്ഞ നാലര കൊല്ലമില്ലാത്ത ആരോപണങ്ങളും അന്വേഷിക്കാത്ത കേസുകളും മന്ത്രിസഭയുടെ അവസാന നാളുകളിൽ പുറത്തെടുത്ത് പ്രതിപക്ഷത്തിന് നേരെ തൊടുത്തുവിടാൻ ശ്രമിക്കുന്നത് മുഖം രക്ഷിക്കാനുള്ള അടവാണെന്ന് പ്രബുദ്ധരായ കേരള ജനതക്കറിയാം.
തങ്ങളുടെ മന്ത്രിമാരും ഭരണകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥന്മാരും പാർട്ടിയുടെ ഉന്നതനേതാക്കളും കുടുംബങ്ങളുമടക്കം കൃത്യമായ തെളിവുകളുള്ള കുറ്റകൃത്യങ്ങളിൽ അകപ്പെട്ട്, കേന്ദ്ര അന്വേഷണ ഏജൻസികളുടെ കുരുക്കിലകപ്പെട്ട സാഹചര്യത്തിലാണ് ജനശ്രദ്ധ തിരിച്ചുവിടാൻ യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള നടപടികളും അറസ്റ്റും. പ്രവാസികൾ ഇത്രമാത്രം പ്രതിസന്ധിയിലകപ്പെട്ട ഒരു സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ല. സാധാരണക്കാരായ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഗൾഫ് നാടുകളിൽ സ്വദേശിവത്കരണത്തിലൂടെ ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ അതിലേറ്റവുമധികം മലയാളികളായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ലോകകേരള സഭയുടെ പേരിൽ സമ്മേളനങ്ങൾ നടത്തിയെന്നതൊഴിച്ചാൽ പ്രവാസികളെ സംരക്ഷിക്കാനുള്ള നടപടികൾക്കൊന്നും സർക്കാർ മുന്നിട്ടിറങ്ങിയില്ല. ഏറ്റവും ഒടുവിൽ കോവിഡ് കാലത്തെ പ്രവാസികളോടുള്ള സർക്കാറിെൻറ സമീപനം മനുഷ്യത്വ രഹിതമായിരുന്നു. കോവിഡ് പിടിപെട്ടും അല്ലാതെയും വിടവാങ്ങിയ പ്രവാസികളുടെ അനാഥമായ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകാൻ പോലും സർക്കാർ മുന്നോട്ട് വന്നില്ല.
പ്രവാസികൾക്കുള്ള ക്വാറൻറീൻ കാലാവധിയുടെ കാര്യത്തിൽ ഇപ്പോഴും പിടിവാശിയിലാണ് സർക്കാർ. സർക്കാറിെൻറ വീഴ്ചകളും കൊള്ളരുതായ്മകളും തിരിച്ചറിഞ്ഞ കെൽപുറ്റ വോട്ടർമാരോടൊപ്പം പ്രവാസി കുടുംബങ്ങളും നാട്ടിലുള്ള പ്രവാസികളും ഈ സർക്കാറിെൻറ ജനവിരുദ്ധ നിലപാടുകൾക്കെതിരെ വിധിയെഴുതും. ഓരോ പ്രദേശത്തിെൻറയും വികസനപരവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ പറ്റുന്നവിധം പുതുമുഖങ്ങളും വിദ്യാസമ്പന്നരും പരിചയസമ്പന്നരുമായ യുവാക്കളെയും സ്ത്രീകളുമടങ്ങുന്ന കഴിവുറ്റ നിരയെയാണ് മുസ്ലിംലീഗ് ഉൾക്കൊള്ളുന്ന യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ വിജയ ശതമാനം വർധിപ്പിക്കുന്നതിൽ പ്രവാസലോകത്തുനിന്ന് കെ.എം.സി.സിയും തങ്ങളുടേതായ പങ്കുവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.