ഹാജിമാർക്ക് സേവനം നൽകി വിഖായ സംഘം
text_fieldsമക്ക: മക്കയിൽ ഹാജിമാരെ സേവിച്ച ചാരിതാർഥ്യത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള 'വിഖായ' സന്നദ്ധ പ്രവർത്തകർ. ഹാജിമാർ മക്കയിൽ എത്തിയത് മുതൽ സജീവമായ വിഖായ സംഘം അവസാന ഹാജിയും മക്കയിൽ നിന്നും വിടപറയുന്നത് വരെ രംഗത്തുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. മക്ക, മദീന, മിന, അറഫ എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചത്. മദീനയിൽ ആദ്യ മലയാളി ഹാജിമാർ എത്തിയത് മുതൽ രംഗത്തിറങ്ങിയ വിഖായ, പിന്നീട് ഹാജിമാർ മക്കയിലെത്തിയതോടെ ഇവിടെയും സജീവമാകുകയായിരുന്നു.
തുടർന്ന് ഹജ്ജ് ആരംഭിച്ച ദിവസം മുതൽ മിനയിലും അറഫയിലും മുസ്‌ദലിഫ, ജംറകളിലെ കല്ലേറ് നിർവഹിക്കുന്ന സ്ഥലങ്ങൾ, മക്ക തുടങ്ങിയ സ്ഥലങ്ങളിലും വിഖായ പ്രവർത്തകർ സേവനങ്ങൾ നടത്തി. മിനയിൽ ഇന്ത്യൻ ഹാജിമാർക്കും പ്രത്യേകിച്ച് മലയാളി ഹാജിമാർക്കും താങ്ങും തണലുമായി നിരവധി വിഖായ വളന്റിയർ അംഗങ്ങളാണ് ഷിഫ്റ്റുകളിലായി സേവനത്തിലേർപ്പെട്ടിരുന്നത്.
വഴിതെറ്റുന്ന ഹാജിമാരെ കണ്ടെത്തിയാൽ അവരുടെ ടെന്റുകളിലോ ലക്ഷ്യസ്ഥാനങ്ങളിലോ എത്തിക്കുക, ശാരീരിക അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക, വീൽചെയർ സഹായം നൽകുക, ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ആശുപത്രി സേവനം ഉൾപ്പെടെയുള്ളത് ഏർപ്പാടാക്കുക എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ചെയ്തത്. മദീനയിൽ ചരിത്രസ്ഥലങ്ങളുടെ സന്ദർശനം, ഭക്ഷണം, സിയാറത്ത് എന്നിവക്കും വിഖായ പ്രവർത്തകർ സഹായത്തിനായുണ്ടായിരുന്നു. മിനായിൽ നിന്ന് വിഖായ പ്രവർത്തകർ വിടവാങ്ങിയെങ്കിലും മക്കയിലും അസീസിയ, മസ്‌ജിദുൽ ഹറം പരിസരം എന്നിവിടങ്ങളിൽ ഇപ്പോഴും സജീവമാണ്. അവസാന ഹാജിയും ഇവിടെ നിന്ന് വിട പറയുന്നത് വരെയും സേവന രംഗത്തുണ്ടാകുമെന്ന് വിഖായ സമിതി അറിയിച്ചു. വിഖായ സൗദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് കാടാമ്പുഴ, മുനീർ ഫൈസി, മാനു തങ്ങൾ, ഉസ്മാൻ ദാരിമി, ജാബിർ നാദാപുരം, സലിം നിസാമി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ മിനായിൽ ഉപദേശ നിർദേശങ്ങളുമായി മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.