അബഹയിലെ 'റിജാൽ അൽമ' ഗ്രാമം ലോകത്തിലെ മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളുടെ പട്ടികയിൽ
text_fieldsജിദ്ദ: ലോകത്തിലെ മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളുടെ പട്ടികയിൽ ഇനി അബഹയിലെ 'റിജാൽ അൽമ' ഗ്രാമവും. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലെ പൗരാണിക ഗ്രാമമാണ് റിജാൽ അൽമ. സ്പെയിനിലെ മഡ്രിഡിൽ നടന്ന യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷെൻറ പൊതുസമ്മേളനത്തിെൻറ ഭാഗമായ ചടങ്ങിലാണ് ലോകത്തിലെ മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളുടെ പട്ടികയിൽ സൗദിയിലെ 'റിജാൽ അൽമ'യെയും ഉൾപ്പെടുത്തിയ പ്രഖ്യാപനമുണ്ടായത്. 75 രാജ്യങ്ങളിൽ നിന്നുള്ള 175 നാമനിർദേശങ്ങളിൽനിന്നാണ് ഈ ഗ്രാമത്തെ യുനൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഏറ്റവും മികച്ച ടൂറിസ്റ്റ് ഗ്രാമമായി തിരഞ്ഞെടുത്തത്.
മഡ്രിഡിൽ നടന്ന ചടങ്ങിൽ സൗദി ടൂറിസം അസിസ്റ്റൻറ് മന്ത്രി ഹൈഫ അൽ സഊദ് റിജാൽ അൽമ ഗ്രാമത്തലവനെ പ്രതിനിധാനംചെയ്ത് സമ്മാനം ഏറ്റുവാങ്ങി. ഈ പ്രദേശത്തെ പ്രകൃതിദത്തവും സാംസ്കാരികവുമായ ഘടകങ്ങളും ജീവിതരീതിയും പരമ്പരാഗത ഉൽപാദന സംവിധാനങ്ങളുമെല്ലാം പരിഗണിച്ച് കഴിഞ്ഞ മേയ് മാസം റിയാദിൽ നടന്ന 'വിനോദസഞ്ചാര ഉച്ചകോടി'യിൽ മികച്ച ടൂറിസ്റ്റ് ഗ്രാമങ്ങളുടെ കൂട്ടത്തിൽ റിജാൽ അൽമയെ ഉൾപ്പെടുത്തിയിരുന്നു. പർവതപ്രദേശമായ അസീർ മേഖലയിലെ അബഹ നഗരത്തിന് പടിഞ്ഞാറ് 45 കിലോമീറ്റർ അകലെയാണ് റിജാൽ അൽമ ഗ്രാമം. വൈവിധ്യമാർന്ന പൈതൃകത്തിെൻറയും സംസ്കാരത്തിെൻറയും അതുല്യമായ ഉദാഹരണമാണ് ഈ ഗ്രാമം.
60 ബഹുനില കെട്ടിടങ്ങളാൽ നിബിഡമാണ് റിജാൽ അൽമ ഗ്രാമം. യമനിലെ പ്രസിദ്ധമായ കെട്ടിടങ്ങൾക്ക് സമാനമായി കല്ലും കളിമണ്ണും മരവും മാത്രം ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് നിർമിച്ചിരിക്കുന്നത്. റിജാൽ അൽമയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിന് ആറു നില ഉയരമുണ്ട്. യമൻ, മക്ക, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാരശൃംഖലയുടെ ഒരു പ്രധാന സ്ഥാനം ഈ ഗ്രാമം വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.