മനുഷ്യരെക്കാൾ വേഗത്തിൽ വൈറസ് ബാധയേൽക്കുന്നത് വിപണിക്ക്
text_fieldsറിയാദ്: കോവിഡിെൻറ ഓരോ വകഭേദവും മനുഷ്യരെ ബാധിക്കുന്നതിനെക്കാൾ വേഗത്തിലാണ് വിപണിയെ തളർത്തുന്നത്. വൈറസിനെ പോലെ തന്നെ അതിനെ കുറിച്ചുള്ള ആശങ്കകളും അതിശയോക്തികളും വ്യാജ വാർത്തകളും വാക്കിലൂടെയും വായുവിലൂടെയും അത്രമേൽ വേഗത്തിലാണ് പരക്കുന്നത്. മനുഷ്യശരീരത്തിൽ വൈറസ് ബാധയേറ്റാൽ അത് ആക്ടിവായി ലക്ഷണങ്ങൾ കാണിക്കാൻ 48 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. എന്നാൽ വിപണിയിൽ നിമിഷ വേഗത്തിലാണ് അതിെൻറ ആഘാതം പ്രകടമാവുക. കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ മാധ്യമങ്ങളിൽ വാർത്തകൾ ശരിയായി വരും മുമ്പു തന്നെ അതിെൻറ യാഥാർഥ്യമോ വ്യാജമോ ആയ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ലോകമാകെ വിപണി പനിച്ചു വിറക്കുകയും ചെയ്തു. ലോകത്ത് ആദ്യ വൈറസ് ബാധയേറ്റ് മനുഷ്യന് മുന്നേ വിപണി മരിച്ചു.
സൗദി അറേബ്യയിലും സ്ഥിതി മറിച്ചായിരുന്നില്ല. സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ടതോടെ അത് തൊഴിലാളികളെയും അവരുടെ വരുമാനത്തെയും ബാധിച്ചു. തൊഴിൽ രഹിതരുടെ എണ്ണം പെരുത്തു. ശമ്പളം കിട്ടാത്തവരായി മാറി ബഹുഭൂരിപക്ഷം വിദേശികളും. ഇതെല്ലാം സാധാരണ മനുഷ്യരെ പോലെ വ്യാപാര മേഖലയെയും ഗുരുതര മുറിവേൽപിച്ചു. സാധാരണ കച്ചവടക്കാർ മാത്രമല്ല രാജ്യവും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നു. എണ്ണ വില ഇടിഞ്ഞ കാരണങ്ങൾ ഉൾപ്പെടെ 2020െൻറ ആദ്യ പാദത്തിൽ ബജറ്റ് അവതരിപ്പിച്ചത് ഒമ്പത് ശതകോടി ഡോളറിെൻറ കമ്മിയിലാണ്. എന്നിട്ടും സ്വദേശികളെയും വിദേശികളെയും ചികിത്സക്കോ മറ്റ് ആവശ്യങ്ങൾക്കോ ഒരു കുറവും വരാതെ ഗവൺമെൻറ് സംരക്ഷിച്ചു. ചികിത്സയും പരിശോധനയും സൗജന്യമായി നൽകി. സ്വദേശി തൊഴിലാളികളുടെ 70 ശതമാനം ശമ്പളം സർക്കാർ ഖജനാവിൽനിന്ന് നൽകി സ്വകാര്യ സംരംഭകരെ ചേർത്തു നിർത്തി. അക്കാലത്തെ വിദേശികളുടെ യാത്രരേഖയായ ഇഖാമയും അവധിക്ക് പോയവരുടെ വിസയും സൗജന്യമായി പുതുക്കി നൽകി. സകാത്തും മൂല്യവർധിത നികുതിയും സർക്കാറിലേക്ക് അടക്കാൻ കൂടുതൽ സമയം അനുവദിച്ചു നൽകി. നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവർക്ക് വരെ ചികിത്സ സൗജന്യമാക്കി.
രണ്ട് ഡോസ് വാക്സിനും തുടർന്ന് ബൂസ്റ്റർ ഡോസും പൂർണമായും സൗജന്യമാക്കി. രാജകാരുണ്യത്തിെൻറ ഈ തലോടൽ കൊണ്ട് മാത്രമാണ് തൊഴിലാളികൾ പ്രതിസന്ധിയിൽ തളർന്ന് വീണുപോകാതെ അതിജീവിച്ചത്. കോവിഡിെൻറ ഒന്നും രണ്ടും തരംഗകാലം പിന്നിട്ട് രാജ്യത്തെ വിപണി പതിയെ ഉണർന്നുതുടങ്ങിയതാണ്. ഈ മാസം ഒന്നോടെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വരാനാവും വിധം യാത്രവിലക്ക് നീക്കുക കൂടി ചെയ്തതോടെ കച്ചവടക്കാർ എല്ലാം സാധാരണഗതിയിലാവുമെന്നും പ്രതാപകാലത്തേക്ക് മടങ്ങാനാവുമെന്നുമുള്ള പ്രതീക്ഷയിൽ അതിനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് പുതിയ വകഭേദമായ ഒമിക്രോണിെൻറ ഭീഷണി.
ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരന് സൗദിയിൽ ഈ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചെറുകിട, വൻകിട വിപണിയിൽ വീണ്ടും പ്രതിസന്ധി തുടങ്ങിയിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വിമാനവിലക്ക് ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള പോക്കും വരവും തടയപ്പെടുമോ എന്ന കടുത്ത ആശങ്ക വ്യാപാരികൾക്കുണ്ട്. കോവിഡ് പ്രതിസന്ധികളുടെ ചുഴിയിൽ രണ്ടു വർഷത്തോളമായി താറുമാറായി കിടക്കുകയായിരുന്ന വിപണി സജീവമാകുന്നതിെൻറ സൂചനകൾക്ക് മേലാണ് പുതിയ ഭീഷണി നിഴൽ വീഴ്ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.