കുട്ടികളുടെ ഭാവി മാതാപിതാക്കളുടെ കൈകളിൽ ഭദ്രം - പ്രൊഫ. ഗോപിനാഥ് മുതുകാട്
text_fieldsജിദ്ദ: കുട്ടികളുടെ ഭാവി നിർണയിക്കുന്നതിൽ അവരുടെ മാതാപിതാക്കൾക്കാണ് ഏറ്റവും കൂടുതൽ പങ്കെന്ന് പ്രൊഫ. ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. ഓരോ കുട്ടിയും തന്റെ മാതാപിതാക്കളെ കണ്ടാണ് വളരുന്നത്. മാതാപിതാക്കളുടെ സ്വഭാവഗുണങ്ങളും ദൂഷ്യങ്ങളും കുട്ടികളിലും സ്വാധീനിക്കും. അതുകൊണ്ട് മാതാപിതാക്കൾ എപ്പോഴും തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല റോൾ മോഡൽ ആവാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 'സന്തുഷ്ട കുടുംബം നാളെയുടെ ഭാവി' എന്ന വിഷയത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ജിദ്ദ കൗൺസിൽ സംഘടിപ്പിച്ച കുടുംബ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ നിന്നാണ് മാറ്റങ്ങൾ ആദ്യം ഉണ്ടാവേണ്ടത്. പുതിയ ടെക്‌നോളജികൾ മനുഷ്യനെ സ്വന്തത്തിലേക്ക് ഉൾവലിയിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഒന്നിച്ചുള്ള കൂടിയിരുത്തങ്ങളും ഭക്ഷണം കഴിക്കലും വർത്തമാനം പറച്ചിലുമൊക്കെ ഇപ്പോൾ പാടെ നിലച്ചിട്ടുണ്ട്. ഇതെല്ലാം തിരിച്ചുകൊണ്ടുവരുന്നതിലൂടെ കുടുംബ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും. കാണേണ്ടതേ കാണാവൂ കേൾക്കേണ്ടതേ കേൾക്കാവൂ പറയേണ്ടതേ പറയാവൂ എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മായാജാല പ്രകടനങ്ങളോട് വിടപറയാനുണ്ടായ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. കാസർകോട് ഭിന്നശേഷിക്കാരുടെ മുമ്പിൽ മായാജാല പ്രകടനങ്ങൾ അവതരിപ്പിച്ചത് മുതൽ ആണ് അത്തരം കുട്ടികൾക്ക് ഒരാശ്രയം അത്യാവശ്യമാണെന്ന് താൻ മനസിലാക്കിയതെന്ന് പ്രൊഫ. ഗോപിനാഥ് മുതുകാട് പറഞ്ഞു. പിന്നീട് ഇത്തരം കുട്ടികൾക്കായി തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രത്യേകം സ്ഥാപനം ആരംഭിക്കുകയും നൂറു കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവിടെ വിവിധ പരിശീലനങ്ങൾ നൽകുന്നതായും അദ്ദേഹം അറിയിച്ചു. കാസർകോടും ഇത്തരത്തിലൊരു കേന്ദ്രം ആരംഭിക്കുന്നതിനായി 20 ഏക്കർ സ്ഥലം എടുത്തു പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ, പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ഡബ്ലിയു.എം.എഫ് ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. ഡബ്ലിയു.എം.എഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രസിഡന്റ് രത്‌നകുമാർ, കോർഡിനേറ്റർ പൗലോസ് തേപ്പാല എന്നിവർ വീഡിയോയിലൂടെയും, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞു വേദിയിലും ആശംസകൾ നേർന്നു സംസാരിച്ചു. വർഗീസ് ഡാനിയൽ, മോഹൻ ബാലൻ, മുസാഫിർ ഏലംകുളം എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും ട്രഷറർ സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു. മനോജ് മാത്യു അടൂർ, സുചിത്ര രവി എന്നിവർ അവതാരകായിരുന്നു.
പുഷ്പ സുരേഷ്, അൻഷിഫ് അബൂബക്കർ. ഷാനി ഷാനവാസ്, ദീപിക സന്തോഷ് തുടങ്ങിയവർ ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ, 'മയക്കുമരുന്നിനെതിരെ പ്രതിരോധം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ വട്ടപ്പൊയിൽ സംവിധാനം ചെയ്ത കവി മുരുകൻ കാട്ടാക്കടയുടെ 'ദുസ്വപ്ന ദേവത' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, മിർസ ഷരീഫ്, മുംതാസ് അബ്ദുറഹ്മാൻ, വിജിഷ ഹരീഷ്, ജോബി തേരകത്തിനാൽ, വിവേക് പിള്ള എന്നിവരുടെ ഗാനങ്ങൾ തുടങ്ങിയവ സദസ്സ് നന്നായാസ്വദിച്ചു.
ഗോപിനാഥ് മുതുകാട്, മറ്റൊരു പ്രഭാഷകനായിരുന്ന ഖാജ യമുനുദ്ദിൻ, ഡോ. വിനീത പിള്ള, മോഹൻ ബാലൻ, എഫ്.എസ്.സി ആൻഡ് മൾട്ടി സിസ്റ്റം ലോജിസ്റ്റിക് മാനേജിങ് ഡയറക്ടർ ഷബീർ എന്നിവരെ ഫലകം നൽകി ആദരിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാട് പരിപാലിച്ചു വരുന്ന ഭിന്നശേഷി കുട്ടികളിൽ ഒരു കുട്ടിയുടെ ഒരു വർഷത്തേക്കുള്ള ചെലവ് ഡബ്ലിയു.എം.എഫിനുവേണ്ടി മുഹമ്മദ് ബൈജു ഏറ്റെടുത്തു കൊണ്ടുള്ള വിഹിതത്തിന്റെ ചെക്ക് ചടങ്ങിൽ പ്രൊഫ. മുതുകാടിനു കൈമാറി. പരിപാടിയോടനുബന്ധിച്ച് അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് 'മയക്കുമരുന്നല്ല, ജീവിതം തെരഞ്ഞെടുക്കുക' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ മേഘ സജീവ്കുമാർ, ഫിൽസ മൻസൂർ, റിമ ഫാത്തിമ എന്നിവർക്കുള്ള സമ്മാനദാനം നടന്നു.
മുഹമ്മദ് ബൈജു, പ്രിയ സന്ദീപ്, ബഷീർ പരുത്തികുന്നൻ, യൂനുസ് കാട്ടൂർ, വിലാസ് അടൂർ, ബാജി നെല്പുരയിൽ, ഷിബു ജോർജ്, ജാൻസി മോഹൻ, റൂബി സമീർ, സോഫിയ ബഷീർ, സുശീല ജോസഫ്, നൗഷാദ് കാളികാവ്, സന്ദീപ്, നൗഷാദ് അടൂർ, റെജികുമാർ, സന്തോഷ് ജോസഫ്, നൗഷാദ് കാളികാവ്, നിഷ ഷിബു, എബി ചെറിയാൻ, വേണുഗോപാൽ അന്തിക്കാട്, ഷിബു ചാലക്കുടി, പ്രിയ റിയാസ്, സമീർ കുന്നൻ, ശിവാനന്ദൻ, റിയാസ് കള്ളിയത്, റീജ ഷിബു, നിഷ ഷിബു, എബി ജോർജ്, മുഹമ്മദ് സുബൈർ, ജോയിക്കുട്ടി, എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. പരിപാടിയിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.