സുഡാനിലെ താൽക്കാലിക വെടിനിർത്തലിൽ ആശ്വാസം പൂണ്ട് ലോകം
text_fieldsജിദ്ദ: ആഭ്യന്തര സംഘർഷം മൂലം പ്രതിസന്ധി രൂക്ഷമായ സുഡാനിൽ താൽക്കാലിക വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായതിൽ ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവരെല്ലാം ആശ്വാസം പൂണ്ടിരിക്കുകയാണ്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ഉടമ്പടിയെ സ്വാഗതം ചെയ്തു. സുഡാനിൽ സ്ഥിരമായ വെടിനിർത്തലിനും സായുധപോരാട്ടം അവസാനിപ്പിക്കുന്നതിനും കരാർ വഴിവെക്കുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസ്സൈൻ ഇബ്രാഹിം താഹ പ്രത്യാശ പ്രകടിപ്പിച്ചു. ഈ കരാറിലെത്താൻ നിമിത്തമായ സൗദിയുടെയും അമേരിക്കയുടെയും ഇടപെടലുകളും ചർച്ചകളും ഏറെ ഫലം കിട്ടിയതായും ഇരു രാജ്യങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഒ.ഐ.സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷത്തിൽ തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഏപ്രിൽ 15ന് ആരംഭിച്ച സംഘർഷത്തിൽ ഇതിനകം നൂറു കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനാളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. പണത്തിന്റെ സ്റ്റോക്കുകൾ കുറഞ്ഞതും ബാങ്കുകൾ വൻതോതിൽ കൊള്ളയടിക്കപ്പെട്ടതും ജനജീവിതം ഏറെ ദുരിതപൂർണമാക്കി. വിവിധ രാജ്യങ്ങളുടെ എംബസികളും ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നിലവിലെ ഉടമ്പടി സുഡാനിലെ പോരാട്ടം ഇല്ലായ്മ ചെയ്യാനും മാനുഷിക പ്രതിസന്ധികൾക്ക് ഏറെ ആശ്വാസം നൽകാനും ഉപകരിക്കും.
വെടിനിർത്തൽ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജിദ്ദയിൽ നടന്ന സമാധാന യോഗത്തിൽ പ്രത്യേക സമിതിക്ക് നേരത്തേ രൂപം നൽകിയിരുന്നു. സുഡാനിലെ സൈന്യം, അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്), സൗദി അറേബ്യ, അമേരിക്ക എന്നിവയുടെ പ്രതിനിധികൾ അംഗങ്ങളാണ്. പുതിയ ഉടമ്പടി നീക്കങ്ങൾ സുഡാനിൽ ശാശ്വതമായ സമാധാനാന്തരീക്ഷത്തിന് വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.