വിനോദ സഞ്ചാരികളെ മാടിവിളിച്ച് അൽഹസയിലെ 'മഞ്ഞത്തടാകം'
text_fieldsജുബൈൽ: അൽഹസയിലെ ഒമ്രാൻ നഗരത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന 'മഞ്ഞത്തടാകം' സഞ്ചാരികളെ മാടിവിളിക്കുന്നു. 'യെലോ ലേക്', 'അസ്ഫർ ലേക്' എന്നിങ്ങനെ ഇംഗ്ലീഷിലും അറബിയിലും അറിയപ്പെടുന്ന, മലയാളികൾ 'മഞ്ഞത്തടാകം' എന്നും വിളിക്കുന്ന ഈ ജലാശയം മരുഭൂമിക്ക് നടുവിലാണ്. അൽഹസയിൽനിന്നും 30 മൈൽ അകലെ പ്രധാന റോഡിൽനിന്നും അഞ്ചു കിലോമീറ്റർ മരുഭൂമിയിലൂടെ സഞ്ചരിച്ചാൽ ഈ തടാക തീരത്ത് എത്തും. റോഡിൽനിന്നും ഉള്ളിലേക്ക് പോകുന്ന ചെമ്മൺപാത ഭൂരിഭാഗവും നല്ല ഉറപ്പുള്ളതാണ്. സാധാരണ കാറിലും ഫോർ വീൽ ഡ്രൈവിലും ഇവിടെ എത്തിച്ചേരാൻ കഴിയും.
സമതല പ്രദേശമായ വഴിയിടങ്ങളിൽ ചില ഭാഗത്ത് പുല്ലുകൾ നിറഞ്ഞും മറ്റു ചിലഭാഗങ്ങളിൽ മണലുമാണ്. ജലാശയത്തോടു അടുക്കുമ്പോൾ ദൂരെനിന്നു തന്നെ വലിയൊരു മണൽക്കൂന കാണാൻ സാധിക്കും. അത് ലക്ഷ്യംവെച്ച് മുന്നോട്ടു പോയാൽ തടാക തീരത്ത് എത്താം. മണൽകുന്നിെൻറ താഴ്വരയിലാണ് 'മഞ്ഞത്തടാകം' സ്ഥിതി ചെയ്യുന്നത്.
കുന്നിനുമുകളിൽ കയറിനോക്കിയാൽ ചുറ്റിനും വിശാലമായ ജലാശയത്തിെൻറ ഭംഗി ആസ്വദിക്കുകയും ട്രക്കിങ്ങിൽ താൽപര്യമുള്ളവർക്ക് മണലിലൂടെ വാഹനമോടിച്ച് രസിക്കുകയും ചെയ്യാം. ട്രക്കിങ് ആഗ്രഹമുള്ളവർ ഫോർ വീൽ ഡ്രൈവ് വാഹനവും മറ്റു അനുബന്ധകാര്യങ്ങളും ഒരുക്കണം എന്നുമാത്രം.
പൊന്തക്കാടുകളാൽ വേലി തീർത്തിരിക്കുന്ന നീല ജലാശയം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. മണൽക്കൂനക്ക് ചുറ്റും മൂന്നിൽ രണ്ടു ഭാഗവും തടാകത്താൽ ചുറ്റപ്പെട്ടുനിൽകുന്നു. മത്സ്യബന്ധനമോ നീന്തലോ ഇവിടെ അനുവദനീയമല്ല. ഉദയാസ്തമയ സമയങ്ങളിലാണ് ഇവിടം ഏറ്റവും മനോഹരമാകുന്നത്. കൊടുംവേനലിൽ ഒഴികെ ബാക്കി പകൽ സമയത്ത് ഈ ജലാശയത്തിെൻറ ദൃശ്യത സന്ദർശകരുടെ മനം കുളിർപ്പിക്കും. മരുഭൂമിക്ക് നടുവിൽ വറ്റാത്ത ജലാശയം എങ്ങനെ രൂപപ്പെട്ടു എന്നത് അതിശയമാണ്. പ്രകൃതിദത്തമായ ഉറവ കൂടാതെ കാർഷിക പ്രദേശമായ അൽഹസയിലെ കൃഷിയാവശ്യങ്ങൾക്ക് ഉപയോഗിച്ചശേഷം ഡ്രെയിനേജ് വഴിതിരിച്ചു വിടുന്ന ജലവും സമീപത്തുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറിൽനിന്നുള്ള ജലവുമാണ് പ്രധാന സ്രോതസ്സുകൾ. തടാകത്തിന് ചുറ്റും വിവിധ മരുഭൂമിയിലെ സസ്യങ്ങൾ ധാരാളമായി വളരുന്നു. പ്രത്യേകിച്ച് 'ഫേൺ' എന്ന ചെടി തടാകത്തിെൻറ അരികുകളിൽ വ്യാപകമായി കാണാം.
'യെലോ തടാകം' സൗദി അറേബ്യയിലെ പ്രധാന വിനോദ സഞ്ചാര പ്രദേശമായി വികസിപ്പിക്കുന്നതിന് സർക്കാർ പരിപാടി ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പ് യാത്രക്കാർ ജലസംഭരണത്തിനായി ഈ തടാകത്തെ ആശ്രയിച്ചിരുന്നുവെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. തടാകത്തിനു ചുറ്റും താമസിച്ചിരുന്ന ഗോത്രക്കാർ ജലനിരപ്പ് മാറിയപ്പോൾ ഇതിെൻറ തെക്ക് ഭാഗത്ത് വെള്ളത്തിനായി കിണറുകൾ കുഴിക്കാൻ ശ്രമിക്കുകയുണ്ടായി.
കിണറുകളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായപ്പോൾ സംഘർഷങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനായി 'ഖുയിഞ്ച് പാലസ്' സ്ഥാപിക്കപ്പെട്ടതായും അൽഹസയിലെ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എൻ.എച്ച്) ഡയറക്ടർ ജനറൽ ഖാലിദ് അൽ ഫരീദ പറഞ്ഞു. വിനോദ സഞ്ചാരികളെ കൂടാതെ ടൂർ ഓപറേറ്റർമാർ, ഡെസേർട്ട് ടൂറിസം പ്രേമികൾ, ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ളവർ തുടങ്ങിയവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് 'മഞ്ഞത്തടാകം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.