യുവതലമുറ രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പ്രവർത്തിക്കുന്നു -മന്ത്രി
text_fieldsജിദ്ദ: രാജ്യത്തിന്റെ ഭാവിക്കുവേണ്ടി പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം യുവതീയുവാക്കളുണ്ടെന്ന് ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. റിയാദിൽ നടക്കുന്ന ആഗോള സംരംഭകത്വ സമ്മേളനത്തിന്റെ ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്സാഹവും നിശ്ചയദാർഢ്യവുമുള്ള ധാരാളം യുവതീയുവാക്കളെ കാണാം.
അവർ തങ്ങളുടെയും അവരുടെ രാജ്യത്തിന്റെയും ഭാവിക്കായി പ്രവർത്തിക്കുന്നു. വിഷൻ 2030ന് നേതൃത്വം നൽകുന്നത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ്. 'അസാധ്യം' എന്ന വാക്ക് അറിയാത്ത, ധാരാളം അഭിലാഷങ്ങളുള്ള ഒരു യുവാവാണ് അദ്ദേഹമെന്ന് ആരും മറക്കരുത്. അത്തരം ഗുണങ്ങളുള്ള ഒരു നേതാവിനെയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും ഊർജമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കൾ അവരുടെയും രാജ്യത്തിന്റെയും ഭാവിയിൽ അതീവ താൽപര്യമുള്ളവരാണ്. ഊർജമന്ത്രാലയം ഉൾപ്പെടെ ജോലിക്ക് നിയമിക്കുന്ന സ്വദേശികളായ യുവതീയുവാക്കൾ കഴിവുറ്റവരാണ്. മന്ത്രാലയത്തിന്റെ പദ്ധതികളിൽ യുവാക്കളെ ആകർഷിക്കുന്ന നിരവധി പരിപാടികൾക്ക് ശ്രമിക്കുന്നുണ്ട്.
രാജ്യം അതിന്റെ ഹരിത സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തോട് സാമ്പത്തികസഹായമൊന്നും ആവശ്യപ്പെടുന്നില്ല. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് കൂട്ടായ പ്രവർത്തനമാണ് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.